ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാകും; രാഹുൽ ഗാന്ധി ക്ഷണിച്ചുവെന്ന് മെഹ്ബൂബ മുഫ്തി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാകുമെന്ന് മെഹ്ബൂബ മുഫ്തി അറിയിച്ചു.

തന്നെ ഭാരത് ജോഡോ യാത്രക്ക് രാഹുൽ ഗാന്ധി ക്ഷണിച്ചുവെന്നും മെഹ്ബൂബ വ്യക്തമാക്കി. ട്വിറ്ററിലൂടെ മെഹബൂബ ഇക്കാര്യം അറിയിച്ചത്. ഭാരത് ജോഡോ യാത്രക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചു. രാഹുൽ ഗാന്ധിയുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു. ആരെങ്കിലും ഫാഷിസ്റ്റുകളെ എതിർക്കുകയാണെങ്കിൽ അവർക്കൊപ്പം നിൽക്കുകയെന്നത് ഉത്തരവാദിത്തമാണ്. മെച്ചപ്പെട്ട ഇന്ത്യക്കായി ഭാരത് ജോഡോ യാത്രയിൽ അണിചേരും- മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു. അടുത്ത മാസം 20 നാണ് ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരിലെത്തുന്നത്.

നിലവിൽ താത്ക്കാലിക ഇടവേളയെടുത്തിട്ടുള്ള ഭാരത് ജോഡോ യാത്ര ജനുവരി 3 ന് പുനരാരംഭിക്കും. ജനുവരി ആദ്യവാരം ഭാരത് ജോഡോ യാത്ര പഞ്ചാബിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. പിന്നീടായിരിക്കും യാത്ര കശ്മീരിലേക്ക് പുറപ്പെടുക.