ആലപ്പുഴ: മാരാരി ബീച്ച് ഫെസ്റ്റിവലിന് തുടക്കം കുറിച്ചു. പുതുവത്സര ആഘോഷത്തിന് നിറം പകർന്നാണ് മാരാരി ബീച്ച് ഫെസ്റ്റിവൽ ആരംഭിച്ചത്. ഡിസംബർ 25 മുതൽ 31 വരെയാണ് ഫെസ്റ്റ്. ഗാനമേള, മെഗാഷോ, മ്യൂസിക്കൽ ഫ്യൂഷൻ, ഡി ജെ പ്രോഗ്രാം, കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷ്യമേള, കരകൗശലമേള, ചിത്രപ്രദർശനം, കഥാപ്രസംഗം, നാടൻപാട്ട്, നാടകം, കഥകളി, നൃത്തശിൽപ്പം, സെമിനാറുകൾ തുടങ്ങിയവയാണ് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.
ആഘോഷപരിപാടികൾ 10 മണി വരെ നീളും. വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. അഡ്വഞ്ചർ ടൂറിസം വിഭാഗത്തിൽ സ്പീഡ് ബോട്ട്, ജെറ്റ് സ്കൈയിങ്, വാട്ടർ സ്കൂട്ടർ എന്നിവ കൊണ്ടുവരാൻ ഡിടിപിസി ശ്രമിക്കുന്നുണ്ട്. സഞ്ചാരികൾക്കായി ഇ ടോയ്ലറ്റ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ബീച്ചിലേക്കുള്ള റോഡിന് ഇരുവശവും വാഹനങ്ങൾക്ക് ബുദ്ധിമുട്ടായി നിന്ന കടകൾ ഓലമേഞ്ഞ് പുനരധിവസിപ്പിച്ചു.
കാർഷിക വികസന കർഷക ക്ഷേമ മന്ത്രി പി പ്രസാദാണ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട ബീച്ച് ഫെസ്റ്റായി മാരാരി ബീച്ച് ഫെസ്റ്റ് മാറുമെന്ന് അദ്ദേഹം പറഞ്ഞു. ബഹു.മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിന്റെയും ഡി.ടി.പി.സി.യുടെയും സഹകരണത്തോടെ മനോഹരമായ ഫെസ്റ്റാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മാരാരിക്കുളം ബീച്ചിന് സംഘാടകർ പുതിയ രൂപവും ഭാവവും നൽകിയിട്ടുണ്ട്. ആഭ്യന്തര -വിദേശ സഞ്ചാരികൾക്ക് ആനന്ദിക്കാനും ആസ്വദിക്കാനും ആഘോഷിക്കാനും കഴിയുന്ന തരത്തിലുള്ള ഒരു ഇടമായി വരും നാളുകളിൽ ഇത് മാറുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ശ്രീ. പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ശ്രീ. എ.എം. ആരിഫ് എം.പി., ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ജി. രാജേശ്വരി എന്നിവർ മുഖ്യാതിഥികളായി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീനതി സുദർശന ബായി, വൈസ് പ്രസിഡന്റ് ശ്രീ. സി.സി. ഷിബു, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

