പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ; കഥകളി ശിൽപം സമ്മാനിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ഇരുവരും കൂടിക്കാഴച്ച നടത്തിയത്. കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു.

കേരളത്തിന്റെ കഥകളി ശിൽപം അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് സമ്മാനമായി നൽകുകയും ചെയ്തു. ഇരുവരും പരസ്പരം പുതുവർഷ ആശംസകൾ നേരുകയും ചെയ്തു. നിരവധി വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സംസാരിച്ചുവെന്നാണ് വിവരം. കോവിഡ് ഭീഷണി ഉയർന്നു വരുന്ന സാഹചര്യത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. കോവിഡ് പ്രതിരോധിക്കുന്നതിന് കേരളം സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ മുഖ്യമന്ത്രി അദ്ദേഹത്തോട് വിശദീകരിച്ചു.

ജൽ ജീവൻ മിഷൻ, വിവിധ നാഷണൽ ഹൈവേ പദ്ധതികൾ, ഇതര പദ്ധതികൾ എന്നിവ വേഗത്തിൽ പൂർത്തിയാക്കുന്നത് സംബന്ധിച്ചും ചർച്ച നടന്നു. കേന്ദ്ര സർക്കാറും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും. കേരളത്തിൽ ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇടപെടലുകളും പ്രവർത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.