ബഫര്‍സോണ്‍: ചില എന്‍ജിഒകള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്തെ ബഫര്‍സോണ്‍ വിഷയത്തില്‍ ചില എന്‍ജിഒകള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

‘വന്യജീവി സങ്കേതം ആവശ്യമുണ്ടോ എന്നുപോലും ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് ഇതൊന്നുമല്ല. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ബഫര്‍ സോണ്‍ വിഷയം ചര്‍ച്ചയാകുമെന്നാണ് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞത്. ബഫര്‍ സോണ്‍ വിഷയത്തില്‍ ശുഭപ്രതീക്ഷയുണ്ട്. സുപ്രീംകോടതിയില്‍ കക്ഷിചേരാന്‍ ജനുവരി അഞ്ചിന് അപേക്ഷ നല്‍കും’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബഫര്‍ സോണില്‍ കിടപ്പാടം നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കായി മുന്നില്‍ നിന്ന് പോരാടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ‘സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ആയിരക്കണക്കിന് ജനങ്ങളെ ആശങ്കയിലാക്കുന്നത്. സുപ്രീംകോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ധാരാളം സമയം കിട്ടിയിട്ടും സര്‍ക്കാര്‍ അലംഭാവം കാണിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളൊക്കെ എങ്ങനെയാണ് ബഫര്‍ സോണ്‍ വിഷയം കൈകാര്യം ചെയ്തതെന്ന് കേരളം കണ്ടു പഠിക്കണം. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ നിന്നും പിണറായി വിജയന് പിന്‍മാറേണ്ടി വന്നത് ബിജെപി കേന്ദ്രസര്‍ക്കാരിനെ കാര്യങ്ങള്‍ ബോധിപ്പിച്ചതു കൊണ്ടാണ്. ബഫര്‍ സോണ്‍ വിഷയത്തിലും ബിജെപി ശക്തമായി പോരാടും’- സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.