വാട്സ്ആപ്പില്‍ സൂക്ഷിച്ച് സ്റ്റാറ്റസ് ഇട്ടില്ലെങ്കില്‍ പണി വഴിയേ വരും

ന്യൂഡല്‍ഹി: വാട്സ്ആപ്പില്‍ സൂക്ഷിച്ച് സ്റ്റാറ്റസ് ഇട്ടില്ലെങ്കില്‍ ഇനി പണികിട്ടും. സ്റ്റാറ്റസ് റിപോര്‍ട്ട് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഉപയോക്താവിന്റെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്സ്ആപ്പിന്റെ പോളിസി പാലിക്കാത്ത കണ്ടന്റുകളോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്‌ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചാല്‍ പുതിയ ഫീചറിന്റെ സഹായത്തോടെ റിപ്പോര്‍ട്ട്് ചെയ്യാനാകും. ഡെസ്‌കടോപ് വേര്‍ഷനില്‍ ഈ ഫീചര്‍ വാട്സ്ആപ്പ് പരീക്ഷിച്ച് വരുന്നതായാണ് വിവരങ്ങള്‍.

2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍ അനുസരിച്ച് കഴിഞ്ഞ ഒക്ടോബറില്‍ മാത്രം 23 ലക്ഷം ഇന്‍ഡ്യക്കാരുടെ അകൗണ്ടുകള്‍ വാട്സ്ആപ്പ് നിരോധിച്ചിരുന്നു. ഈ 23 ലക്ഷം അകൗണ്ടുകളില്‍ 8,11,000 അകൗണ്ടുകള്‍ ഉപയോക്താക്കളുടെ പരാതി ലഭിക്കുന്നതിന് മുന്‍പ് തന്നെ വാട്സ് ആപ് നിരോധിച്ചു. കമ്പനിയുടെ ഒക്ടോബര്‍ മാസത്തെ സുരക്ഷാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്പാം മെസേജുകളെക്കുറിച്ച് മറ്റ് ഉപയോക്താക്കളില്‍ നിന്ന് ഒന്നിലധികം പരാതികള്‍ ലഭിക്കുകയോ കമ്പനിയുടെ മാര്‍ഗനിര്‍ദേശം ലംഘിക്കുകയോ ചെയ്താല്‍ വാട്സ് ആപ് അക്കൗണ്ടുകള്‍ നിരോധിക്കും. കമ്പനിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ഓടോമേറ്റഡ് സംവിധാനവും വാട്സ്ആപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.