വാഷിങ്ടൺ: അമേരിക്കയിൽ ബോബ് ചുഴലി മുന്നറിയിപ്പ്. പ്രളയത്തിനോ ശക്തമായ മഞ്ഞുവീഴ്ചയ്‌ക്കോ ഇടയാക്കിയേക്കാവുന്ന ബോംബ് ചുഴലി മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. അന്തരീക്ഷ മർദ്ദം പൊടുന്നനെ താഴ്ന്ന് കൊടുങ്കാറ്റിന് സമാനമായ സാഹചര്യം രൂപപ്പെടുന്നതാണ് ബോംബ് ചുഴലി. ഇതിന്റെ ഫലമായി, ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റോ, അതിശക്തമായ മഞ്ഞു വീഴ്ചയോ പ്രളയമോ ഉണ്ടാകാനിടയുണ്ട്. ദുരന്ത സാധ്യത കണക്കിലെടുത്ത് യാത്രകൾ റദ്ദാക്കണമെന്നാണ് ജനങ്ങൾക്ക് പ്രസിഡന്റ് ജോ ബൈഡൻ നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം, അമേരിക്കയിൽ അതിശൈത്യത്തെ തുടർന്നുള്ള ശീത കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. ചരിത്രത്തിലെ ഏറ്റവും കടുത്ത ശൈത്യമാണ് നിലവിൽ അമേരിക്കയിൽ അനുഭവപ്പെടുന്നത്. പലസ്ഥലങ്ങളിലും വൈദ്യുതി വിതരണം താറുമാറായി. അമേരിക്കയിലും കാനഡയിലുമായി 15 ലക്ഷത്തോളം വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു. മഞ്ഞുവീഴ്ച്ചയെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.
അമേരിക്കയിൽ മോശം കാലാവസ്ഥ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ വിഭാഗം വ്യക്തമാക്കിയിട്ടുള്ളത്. പെൻസിൽവാനിയ, മിഷിഗൺ എന്നിവിടങ്ങളിൽ അതിശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

