നിയമന കത്ത് വിവാദം; അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഎം. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സിപിഎം നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. സി ജയൻ ബാബു, ഡി കെ മുരളി, ആർ രാമു തുടങ്ങിയ നേതാക്കൾ ഉൾപ്പെട്ട അന്വേഷണ കമ്മീഷനെയാണ് നിയമിച്ചിട്ടുള്ളത്. വിഷയത്തിൽ അന്വേഷണം നടത്തിയ ശേഷം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതാണ്.

അന്വേഷണ കമ്മീഷനെ നിയോഗിക്കുന്ന സംബന്ധിച്ച തീരുമാനമെടുത്തത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ്. അതേസമയം, നിയമന ശുപാർശാ വിവാദത്തിൽ തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കഴിഞ്ഞ ദിവസം നഗരസഭയിലേക്ക് മാർച്ച് നടത്തിയിരുന്നു.

മാർച്ച് പോലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. മാർച്ചിന് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.

ജനുവരി എഴിന് തിരുവനന്തപുരം നരഗസഭാ പരിധിയിൽ ഹർത്താൽ സംഘടിപ്പിക്കുമെന്ന് ബിജെപി നേതാവ് വി വി രാജേഷ് അറിയിച്ചു. ജനുവരി രണ്ട് മുതൽ അഞ്ച് വരെ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കുമെന്നും ജനുവരി ആറിന് നഗരസഭ വളയുമെന്നും അദ്ദേഹം പറഞ്ഞു.