ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക ഇടവേള; ജനുവരി മൂന്നിന് യാത്ര പുനരാരംഭിക്കും

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക ഇടവേള. 9 ദിവസത്തെ ഇടവേളയാണ് ഭാരത് ജോഡോ യാത്രയ്ക്കുള്ളത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയ ഭാരത് ജോഡോ യാത്ര ഇനി ജനുവരി മൂന്നിന് പുനരാരംഭിക്കും. വടക്കേ ഇന്ത്യയിലെ കഠിനമായ ശൈത്യകാലത്ത് കണ്ടെയ്‌നറുകൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും മറ്റുമായാണ് ഇടവേളയെടുക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് വ്യക്തമാക്കി. കഴിഞ്ഞ നാല് മാസത്തോളമായി ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പമുണ്ടായിരുന്ന പ്രവർത്തകർക്ക് കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കാനുള്ള അവസരം കൂടിയാണ് ഇടവേളയിലൂടെ ലഭിക്കുന്നത്.

ജനുവരി ആദ്യവാരം ഭാരത് ജോഡോ യാത്ര പഞ്ചാബിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് യാത്ര കശ്മീരിലേക്ക് പുറപ്പെടും. ജനുവരി 30ന് യാത്രക്കാർ കശ്മീരിലെത്തുമെന്ന് ജയറാം രമേശ് വ്യക്തമാക്കി. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്കൊപ്പം ശ്രീനഗറിൽ യാത്ര ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നു. ഡൽഹിയിൽ വെച്ചാണ് കമൽ ഹാസൻ ഭാരത് ജോഡോ യാത്രയുടെ ഭാഗമായത്. ഐടിഒ മുതൽ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റർ ദൂരം അദ്ദേഹം രാഹുലിനൊപ്പം സഞ്ചരിച്ചു. മക്കൾ നീതി മയ്യം നേതാക്കളും കമലിനൊപ്പം യാത്രയിൽ അണിചേർന്നിരുന്നു.

ചെങ്കോട്ടയിൽ നടന്ന പൊതുയോഗത്തെയും കമൽ ഹാസൻ അഭിസംബോധന ചെയ്തു. കമൽഹാസൻ ജോഡോ യാത്രയിൽ പങ്കെടുക്കുന്നത് രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിൽ കോൺഗ്രസ്-ഡിഎംകെ സഖ്യവുമായി കൈകോർക്കാൻ കമൽഹാസൻ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് കമൽ ഹാസൻ ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നത്.