വത്തിക്കാന്‍: സമ്പത്തിനും അധികാരത്തിനും വേണ്ടി മനുഷ്യര്‍ തമ്മിലടിക്കുമ്പോള്‍ ബലിയാടാകുന്നത് കുട്ടികളുള്‍പ്പടെയുള്ള ദുര്‍ബല വിഭാഗമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. സെന്റ്. പീറ്റേഴ്‌സ് ബസലിക്കയില്‍ തടിച്ചുകൂടിയ ഏഴായിരത്തോളം വിശ്വാസികള്‍ക്കു മുന്നില്‍ ക്രിസ്മസ് സന്ദേശം പങ്കുവെയ്ക്കുകയായിരുന്നു മാര്‍പ്പാപ്പ.
മാര്‍പ്പാപ്പയുടെ സന്ദേശത്തില്‍ നിന്ന്
‘എത്രയെത്ര യുദ്ധങ്ങള്‍ നമ്മള്‍ കണ്ടു, അതില്‍ ഇരയാക്കപ്പെടുന്നത് അധികാരം കയ്യിലില്ലാത്ത ദുര്‍ബലരാണ്. മൃഗങ്ങള്‍ അവരുടെ തൊഴുത്തില്‍ ഭക്ഷണം കണ്ടെത്തുമ്പോള്‍ മനുഷ്യര്‍ അന്യന്റെ സമ്പത്തു പോലും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. അധികാരത്തിനു വേണ്ടി പോരടിക്കുന്നു. പണത്തിനും അധികാരത്തിനും ആധിപത്യത്തിനും വേണ്ടിയുള്ള രക്തചൊരിച്ചിലില്‍ ബലിയാടാകുന്നത് നിരവധി കുഞ്ഞുങ്ങളാണ്. എത്ര കുട്ടികള്‍ അനാഥരായി, എത്രയോ കുഞ്ഞുങ്ങള്‍ക്ക് ഈ ഭൂമിയില്‍ ജനിച്ചു വീഴാനുള്ള അവകാശം നഷ്ടപ്പെട്ടു. അധികാരത്തിനു വേണ്ടിയുള്ള അത്യാര്‍ത്തി മാറ്റിവെച്ച് സമാധാനം ഊട്ടിയുറപ്പിക്കണം.’

