ന്യൂഡല്‍ഹി: സ്ത്രീകളിലെ ഗര്‍ഭാശയഗള അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള എച്ച്.പി.വി വാക്സിന് ഇനി സ്കൂളുകളിലൂടെ നല്‍കും. കേന്ദ്ര ആരോഗ്യമന്ത്രാലയവും വിദ്യാഭ്യാസമന്ത്രാലയവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിനായ എച്ച്.പി.വി വാക്സിന് വിപണിയിലെത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാറും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണും ചേര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കത്തയച്ചത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ബയോടെക്നോളജി വകുപ്പും ചേര്‍ന്ന് വികസിപ്പിച്ച ‘ക്വാഡ്രിവാലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന്’ (ക്യൂ.എച്ച്.പി.വി.) ആണ് 200-400 രൂപയ്ക്ക് ഏപ്രില്‍ മുതല്‍ വിപണിയില്‍ ലഭ്യമാക്കുക. ഗര്‍ഭാശയഗള അര്‍ബുദത്തെ സംബന്ധിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കായി സ്കൂളുകളില്‍ വാക്സിന് സെന്ററുകള്‍ ക്രമീകരിക്കണം.
സ്കൂളില്‍നിന്നുതന്നെ നോഡല്‍ ഓഫീസറെ നിയമിക്കണം.
വാക്സിനേഷനെത്താന്‍ സാധിക്കാത്തവര്‍ക്ക് അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ അവസരമൊരുക്കണം.
യു-വിന് ആപ്പിലൂടെ രജിസ്ട്രേഷന്.
വാക്സിനേഷന് കേന്ദ്രത്തിന്റെ ചുമതല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ പ്രതിരോധ ഓഫീസര്‍ എന്നിവര്‍ക്ക്.
പെണ്‍കുട്ടികള്‍ക്കിടയിലും പി.ടി.എ.യിലും ഗര്‍ഭാശയഗള അര്‍ബുദത്തെക്കുറിച്ച് ബോധവത്കരണം നടത്തണം.

