ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താൻ നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഭാരത് ജോഡോ യാത്ര ഡൽഹിയിലേക്കു പ്രവേശിക്കുന്നതിന് മുന്നോടിയായാണ് ഖർഗെ ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപി രാഹുൽ ഗാന്ധിയുടെ ജനപിന്തുണ വർധിക്കുന്നതിനെ ഭയപ്പെടുന്നുണ്ട്. ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് തന്നെ പോകും. തടസങ്ങളെ അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനായില്ലെങ്കിൽ ഭാരത് ജോഡോ യാത്ര റദ്ദാക്കുന്നത് ആലോചിക്കണമെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു. വാക്‌സിനെടുത്തവരെ മാത്രമേ യാത്രയിൽ അനുവദിക്കാവൂ, മാസ്‌ക്കും സാനിറ്റൈസറും നിർബന്ധമാക്കണം തുടങ്ങിയ നിർദേശങ്ങളാണ് കത്തിലുണ്ടായിരുന്നത്.
ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന വിമർശനവുമായി രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോവിഡ് വീണ്ടും വരുന്നുവെന്ന പ്രചാരണം അഴിച്ചുവിടുകയാണെന്നും ഭാരത് ജോഡോ യാത്ര പലരേയും വിറളി പിടിപ്പിക്കുന്നുവെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.

