ചൂട് മൂലം നിർജലീകരണം ചർമത്തിലുണ്ടാകുന്ന തടിപ്പുകൾ, സൂര്യാതപം മുതൽ സൂര്യാഘാതം വരെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാം. കുട്ടികൾക്ക് ഇവ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- ദാഹം ഇല്ലെങ്കിൽ കൂടി ധാരാളം വെള്ളം കുടിക്കുക, ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- പകൽ പതിനൊന്നുമണിക്കും മൂന്നുമണിക്കും ഇടയിൽ വെയിലത്തുള്ള കളികൾ പൂർണമായും ഒഴിവാക്കുക.
- നല്ല വെയിലുള്ള സമയത്ത് പുറത്തുപോകേണ്ടിവന്നാൽ തൊപ്പിയോ കുടയോ ഉപയോഗിക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
- വെയിലത്ത് നടക്കുമ്പോൾ പാദരക്ഷകൾ നിർബന്ധമായും ഉപയോഗിക്കുക.
- സൺ സ്‌ക്രീൻ ലോഷനുകൾ, സൺ ഗ്ലാസ് എന്നിവയുടെ ഉപയോഗവും ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും.
- ചൂടുള്ള ചുറ്റുപാടിൽ നിന്നും വന്നതിനു ശേഷം ഉടൻ തന്നെ തണുത്ത പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് അഭികാമ്യം.
- സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയപാതയുടേതുൾപ്പെടെ റോഡുകളുടെ പണി നടക്കുകയാണ്. പൊടി മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാൻ, യാത്ര ചെയ്യുമ്പോൾ മാസ്‌ക് ധരിക്കാൻ മറക്കേണ്ട.
ജലദൗർലഭ്യം രൂക്ഷമാകുന്ന കാലം ആയതുകൊണ്ട് തന്നെ സീൽ ചെയ്ത കുപ്പിയിൽ അല്ലാതെയുള്ള ഡ്രിങ്ക്‌സുകൾ, നാരങ്ങാവെള്ളം, ഉപ്പിലിട്ടവ എന്നിവ വാങ്ങി കഴിക്കുമ്പോൾ ശുദ്ധമായ ജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക. വിനോദയാത്രകൾക്ക് പോകുമ്പോൾ ഇങ്ങനെയുള്ള പാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. - അവധിക്കാലത്ത് ബന്ധുവീടുകളും മറ്റും സന്ദർശിക്കുമ്പോഴും ടൂർ പോകുമ്പോഴും നീന്തൽ വശമുണ്ടെങ്കിൽപോലും പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക, ഇറങ്ങുകയാണെങ്കിൽ നന്നായി നീന്തൽ അറിയാവുന്ന മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രം ഇറങ്ങുക.
- കുട്ടികൾ കൂട്ടമായി നീന്താനും മറ്റും പോകുമ്പോൾ അവശ്യംവേണ്ട സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക. ആരെങ്കിലും വെള്ളത്തിൽ അകപ്പെട്ടാൽ രക്ഷിക്കാനായി വെള്ളത്തിലേക്ക് എടുത്ത് ചാടാതെ കമ്പോ, കയറോ, തുണിയോ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താൻ ശ്രമിക്കുക.
- ജലാശയങ്ങളിൽ ബോട്ടിങ്, കയാക്കിങ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ലൈഫ് ജാക്കറ്റ് നിർബന്ധമായും ധരിക്കുക
- വേനൽമഴയോടൊപ്പമുള്ള ഇടിമിന്നൽ അപകടകാരികൾ ആണ്. ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴും മറ്റും ഇടിമിന്നലോടുകൂടി മഴ പെയ്താൽ മരത്തിന്റെ ചുവട്ടിൽ നിൽക്കാതിരിക്കുക. ഇടിമിന്നൽ ലക്ഷണം കണ്ടാൽ എത്രയും പെട്ടെന്ന് അടച്ചുറപ്പുള്ള കെട്ടിടത്തിനുള്ളിൽ അഭയം തേടുക.
രക്ഷിതാക്കൾ കുട്ടികൾക്ക് സൈക്കിൾ വാങ്ങിനൽകുമ്പോൾ ഒരു സൈക്കിൾ ഹെൽമെറ്റ് കൂടി വാങ്ങിനൽകുകയും അത് ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുക. അവർ ഇപ്പോഴേ റോഡ് സുരക്ഷാമാർഗ്ഗങ്ങൾ ശീലമാക്കട്ടെ.

