ഭക്ഷണം ആവിയിൽ വേവിച്ചെടുക്കുന്ന രീതി വളരെ ആരോഗ്യകരമായതായാണ് വിലയിരുത്തപ്പെടുന്നത്. പച്ചക്കറികളും മറ്റും ആവിയിൽ വേവിച്ചെടുക്കുന്നതിലൂടെ ഇവയുടെ ഗുണങ്ങൾ നഷ്ടമാകാതിരിക്കും. എന്നാൽ ആവിയിൽ ഭക്ഷണം വേവിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.
ആവിയിൽ ഭക്ഷണം വേവിക്കുമ്പോൾ കൃത്യമായി ആവി പാത്രത്തിലേക്ക് വരുന്നുണ്ടെന്ന് ഉറപ്പിക്കണം. ഇടയ്ക്ക് അടപ്പ് തുറന്നുനോക്കരുത്. ഇത് വേവിനെ ബാധിക്കും. ഭക്ഷണം അടച്ചുവച്ച ശേഷം പാചകത്തിനെടുക്കുന്ന സമയം കഴിഞ്ഞ് മാത്രം അടപ്പ് തുറക്കുന്നതാണ് നല്ലത്. ആവിയിൽ വേവിക്കാൻ വേണ്ടി എടുക്കുന്ന പാത്രത്തിന്റെ അടപ്പ് പാത്രത്തിന് കൃത്യമായി യോജിക്കുന്നതായിരിക്കണം. അല്ലാത്തപക്ഷം ഭക്ഷണം വേവില്ല. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഏറെ സമയം ഈ രീതിയിൽ പാഴാവുകയും ചെയ്യും.
ആവിയിൽ എന്ത് വേവിക്കുമ്പോഴും പാത്രം നിറച്ച് വയ്ക്കരുത്. ഇത് ഭക്ഷണം കൃത്യമായി വേവാതിരിക്കുന്നതിന് കാരണമാകും. അതുപോലെ ഒരുപോലെ എല്ലായിടവും വേവാതിരിക്കുന്നതിനും ഇത് ഇടയാക്കും. ആവശ്യത്തിന് ആവി എല്ലായിടത്തും എത്തി വേവ് കിട്ടാൻ ഇടം ബാക്കി വച്ചുകൊണ്ടായിരിക്കണം വേവിക്കാൻ വയ്ക്കേണ്ടത്.

