കൊവിഡ് കൂടുന്നു; കനത്ത ജാഗ്രതയില്‍ രാജ്യം; മാസ്‌ക് നിര്‍ബന്ധമാക്കി

ഡല്‍ഹി: കൊവിഡ് ഒമിക്രോണ്‍ ബി.എഫ്- 7 വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ വീണ്ടും ശക്തമാക്കി കേന്ദ്രം. ഇനിമുതല്‍ തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. വിദേശത്തുനിന്നു വരുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ റാന്‍ഡം കൊവിഡ് പരിശോധന ആരംഭിച്ചു. ആരെങ്കിലും കൊവിഡ് പോസിറ്റീവ് ആയാല്‍ തുടര്‍ന്ന് എല്ലാ യാത്രക്കാരെയും പരിശോധിക്കും. പോസിറ്റീവായവരെ നിരീക്ഷണത്തിലാക്കും.

അതേസമയം, ഗുജറാത്തില്‍ യു.എസില്‍ നിന്ന് വഡോദരയില്‍ എത്തിയ ഇന്ത്യന്‍ വംശജയ്ക്കും വിദേശത്തു നിന്ന് അഹമ്മദാബാദില്‍ തിരിച്ചെത്തിയ പുരുഷനുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഒഡീഷയിലാണ് മൂന്നാമത്തെ രോഗി. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ അവലോകന യോഗം ചേര്‍ന്നിരുന്നു.

പോസിറ്റീവ് സാമ്ബിളുകള്‍ വിശദ പരിശോധനയ്ക്കായി മികച്ച സംവിധാനങ്ങളുള്ള ഇന്‍സാകോഗ് ലാബുകളിലേക്കയയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. പോസിറ്റീവ് സാമ്ബിളുകള്‍ ജീനോം സീക്വന്‍സിംഗിന് അയയ്ക്കണം. ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാന്‍ വൈകരുതെന്നും മുതിര്‍ന്ന പൗരന്മാര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, യു.എസ്, യു.കെ, ബെല്‍ജിയം, ജര്‍മ്മനി, ഫ്രാന്‍സ്, ഡന്മാര്‍ക്ക് എന്നീ രാജ്യങ്ങളിലുള്‍പ്പെടെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

എന്താണ് ബി.എഫ് 7 വകഭേദം?

ഒമിക്രോണ്‍ ബി.എ 5 ന്റെ ഉപവിഭാഗമാണ് ബി.എഫ് 7. ശക്തമായ അണുബാധയ്ക്കും അതിവേഗ വ്യാപനത്തിനും ശേഷിയുണ്ട്. വാക്‌സിന്‍ എടുത്തവരിലും രോഗം വരുത്തും.
അമേരിക്കയില്‍ 5 ശതമാനവും യു.കെയില്‍ 7.26 ശതമാനവും ബി.എഫ് 7 കേസുകള്‍. ഈ രാജ്യങ്ങളില്‍ വ്യാപനത്തോതും ഗുരുതരാവസ്ഥയും തുലോം കുറവാണ്. ചൈനയില്‍ രൂക്ഷമാണ്. ബീജിംഗില്‍ 40 ശതമാനവും കൊവിഡ് ബാധിതരാണുള്ളത്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.