വാഷിംഗ്ടണ്‍: കാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചതിനും, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും, രാജ്യത്തെ വഞ്ചിക്കാന്‍ ശ്രമിച്ചതിനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ സമിതി ഏകകണ്ഠമായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടു.
‘നമ്മുടെ ഭരണഘടനയ്ക്ക് കീഴിലുള്ള സമാധാനപരമായ അധികാര പരിവര്‍ത്തനത്തെ തടസപ്പെടുത്താന്‍ ട്രംപ് പദ്ധതിയിട്ടതിന് കമ്മിറ്റിയ്ക്ക് സുപ്രധാന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്’- പ്രതിനിധി ജാമി റാസ്‌കിന്‍ പറഞ്ഞു.
യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കഴിഞ്ഞ ജനുവരി ആറിനാണ് കാപിറ്റോള്‍ ഹില്ലില്‍ കലാപമുണ്ടായത്. ആക്രമണം ട്രംപിന്റെ പിന്തുണയോടെയാണ് നടന്നതെന്ന് വ്യാപകമായി ആക്ഷേപമുണ്ടായിരുന്നു. ഇതിനുപിന്നാലെ ജനങ്ങളെ ആക്രമണത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് ഫേസ്ബുക്ക് ,ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ നിന്ന് ട്രംപിനെ വിലക്കിയിരുന്നു.

