കൊച്ചി: സ്ത്രീസുരക്ഷ ഉറപ്പാക്കാൻ കേരള പൊലീസ് പുറത്തിറക്കിയ ‘നിർഭയം’ ആപ്ലിക്കേഷനിൽ ഇതുവരെ എത്തിയ 1,311 അലർട്ടുകളിലും പൊലീസ് നടപടികൾ സ്വീകരിച്ചു. കണ്ണൂർ നഗരവാസികളാണ് ആപത് ഘട്ടങ്ങളിൽ ആപ്പ് ഉപയോഗിച്ചവരിൽ ഒന്നാം സ്ഥാനത്തുള്ളത്. 433 സ്ത്രീകളാണ് ഇത്തരത്തിൽ സഹായം തേടിയത്. കോഴിക്കോടാണ് രണ്ടാം സ്ഥാനത്തുള്ളത്. 359 പേർ ആപ്പിലൂടെ സഹായം തേടി. കൊല്ലമാണ് മൂന്നാംസ്ഥാനത്തുള്ളത്. 217 പേരാണ് കൊല്ലത്ത് ആപ്പിലൂടെ സഹായ തേടിയത്.
അതേസമയം, കോഴിക്കോട് റൂറൽ, ആലപ്പുഴ, തൃശൂർ റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ നിന്ന് ആരും സഹായം തേടിയില്ല. 2021 ഫെബ്രുവരി മുതൽ 2022 ഡിസംബർ അഞ്ചുവരെയുള്ള ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ആപ്പിലെ ഹെൽപ്പ് ബട്ടൺ 5 സെക്കൻഡ് അമർത്തിപ്പിടിച്ചാൽ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിലും കൺട്രോൾ റൂമിലും സന്ദേശം ലഭിക്കും. ലൊക്കേഷൻ ലഭിക്കുന്നതിനാൽ പോലീസിന് നിമിഷങ്ങൾക്കകം എത്തി സഹായിക്കാനാകുമെന്നതാണ് ആപ്പിന്റെ പ്രത്യേകത.
70 ശതമാനം വിളികളും കുടുംബ പ്രശ്‌നങ്ങളുടെ പേരിലാണ്. മദ്യപിച്ച് ക്രൂരമായി മർദ്ദിക്കുന്ന ഭർത്താവാണ് പ്രധാനപ്രശ്‌നം, പിന്നാലെ നടന്ന് ശല്യംചെയ്യൽ മുതൽ യാത്രയ്ക്കിടെ ഒറ്റപ്പെടുന്ന സന്ദർഭങ്ങൾ വരെ ചൂണ്ടിക്കാട്ടി പരാതികളെത്തുന്നുണ്ട്. ഒരുലക്ഷത്തിലധികംപേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. ആപ്പ് ജനകീയമാക്കാൻ പ്രത്യേക പ്രചാരണം സംഘടിപ്പിച്ചിരുന്നു. പ്രതിദിനം 100 പേർ വരെ ആപ്പ് ഡൗൺലോഡ് ചെയ്യുന്നുണ്ട്. ഇന്റർനെറ്റ് കവറേജ് ഇല്ലാതെയും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാം.

