കേരളത്തിൽ 5 ജി; ആദ്യ ഘട്ട സേവനത്തിന് ഇന്ന് തുടക്കം കുറിക്കും

തിരുവനന്തപുരം: കേരളത്തിൽ 5 ജി വേഗതയുടെ ആദ്യ ഘട്ട സേവനത്തിന് ഇന്ന് തുടക്കം കുറിക്കും. റിലയൻസ് ജിയോയാണ് കേരളത്തിൽ 5 ജി സേവനം ആദ്യമായെത്തിക്കുന്നത്. കൊച്ചി നഗരസഭയുടെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലാണ് ആദ്യം ഘട്ടത്തിൽ സേവനം ലഭ്യമാകുക. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ 5 ജി പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക. ഓൺലൈനിലൂടെയാണ് ഉദ്ഘാടനം നടക്കുക.

ആദ്യഘട്ടത്തിൽ കൊച്ചിയിലെ തെരഞ്ഞെടുത്ത മേഖലകളിൽ മാത്രമേ സേവനം ലഭിക്കൂവെങ്കിലും അധികം വൈകാതെ മറ്റ് മേഖലകളിലേക്കും സേവനം വ്യാപിപ്പിക്കും. ഇന്ത്യയിലെ നാല് നഗരങ്ങളിൽ ഇക്കഴിഞ്ഞ ഒക്ടോബറിൽ ജിയോ 5 ജി സേവനം ആരംഭിച്ചിരുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിൽ തെരഞ്ഞെടുത്ത ഉപഭോക്തക്കൾക്ക് വെൽകം ഓഫർ വഴിയാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഒക്ടോബർ മാസം രാജ്യത്ത് 5 ജി സേവനത്തിന് തുടക്കം കുറിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, റോബോട്ടിക്സ്, ബ്ലോക്ക് ചെയിൻ, മെറ്റാവേർസ് തുടങ്ങിയ 21 -ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകൾ അൺലോക്ക് ചെയ്യാൻ 5 ജി സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്ന് അന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. 2023 ന്റെ തുടക്കത്തിൽ തന്നെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം 5 ജി എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. 2035 ഓടെ ഇന്ത്യയിൽ 5 ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.