ബഫർ സോൺ; അനുനയ നീക്കം ആരംഭിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ അനുനയ നീക്കം ആരംഭിച്ച് സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിനും കർദിനാൾ ബസേലിയോസ് മാർ ക്ലിമിസ് ബാവയുമായി കൂടിക്കാഴ്ച നടത്തി. സമരമുഖത്തുള്ള സിറോ മലബാർ സഭയുമായി ഒത്തുതീർപ്പിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച്ചയെന്നാണ് റിപ്പോർട്ടുകൾ.

പട്ടത്തെ ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. നേരത്തെ വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കുന്നതിന് മുമ്പും ആന്റണി രാജുവും കർദിനാൾ ബസേലിയോസ് മാർ ക്ലിമിസ് ബാവയുമായി കൂടിക്കാഴ്ച നടന്നിരുന്നു. സമരം ഒത്തുതീർപ്പാക്കുന്നതിൽ കാത്തോലിക ബാവ നിർണായക ഇടപെടൽ നടത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, മറ്റ് ചില വിഷയങ്ങൾ സംസാരിക്കാനാണ് ബിഷപ്പിനടുത്ത് എത്തിയതെന്നാണ് റോഷി അഗസ്റ്റിൻ പറഞ്ഞത്. എല്ലാ കാര്യങ്ങളിലും ഇടപെട്ട് സംസാരിക്കാറുള്ളയാളാണ് കർദ്ദിനാളെന്നും അത് സർക്കാർ പറഞ്ഞ് ചെയ്യിക്കേണ്ടതില്ലെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.