ജയിക്കാത്തവരും ബിരുദം സ്വീകരിച്ചെന്ന ആരോപണം: അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ പരീക്ഷ ജയിക്കാത്തവരും ആയുർവേദ ഡോക്ടർ ബിരുദം (ബിഎഎംഎസ്) സ്വീകരിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.

ഹൗസ് സർജൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ആയുർവേദ കോളേജിൽ വച്ച് ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ ഗൗൺ അണിഞ്ഞ് പ്രതിജ്ഞ ചൊല്ലിയ ഏഴുപേർ പരീക്ഷ പാസാകാത്തവരാണെന്നായിരുന്നു ആരോപണം. പിന്നാലെ സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്നാണ് മന്ത്രിയും റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.