ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി ഉയർത്തി പാക് വനിതാ നേതാവ്

കറാച്ചി: ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി ഉയർത്തി പാക് വനിതാ നേതാവ് ഷാസിയ മാരി. പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവാണ് ഷാസിയ മാരി. പാകിസ്ഥാനും ആറ്റംബോംബുണ്ടെന്ന് ഇന്ത്യ മറക്കരുതെന്നാണ് ഇവർ പറഞ്ഞത്. നിശബ്ദത പാലിക്കുക എന്നതല്ല തങ്ങളുടെ ആണവ നിലപാട്. ആവശ്യം വന്നാൽ അത് ഉപയോഗിക്കുന്നതിൽ നിന്ന് പിന്നാക്കം പോകില്ലെന്നും ഷാസിയ വ്യക്തമാക്കി. പത്രസമ്മേളനത്തിൽ വെച്ചാണ് ഷാസിയ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ പാകിസ്താനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. യുഎന്നിൽ ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നടപടിക്കെതിരെ ഭീകരതയുടെ പ്രഭവകേന്ദ്രം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിൽ പ്രകോപിതനായി ബിലാവൽ ഭൂട്ടോ മോദിക്കെതിരെ പരാമർശം നടത്തിയിരുന്നു. ലാദൻ മരിച്ചു. എന്നാൽ ഗുജറാത്തിലെ കശാപ്പുകാരൻ ഇന്ത്യയിലെ പ്രധാനമന്ത്രിയാണ് എന്നായിരുന്നു ഭൂട്ടോയുടെ പരാമർശം.

ഇതിനെതിരെയും ശക്തമായ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. ഭൂട്ടോയുടേത് സംസ്‌കാര ശൂന്യമായ പൊട്ടിത്തെറിയാണെന്നും ഈ അഭിപ്രായങ്ങൾ പാകിസ്താന്റെ അധഃപതനമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രസ്താവനക്കെതിരെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷന് സമീപം ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തുകയും ചെയ്തു. ബിലാവൽ ഭൂട്ടോ സർദാരി നടത്തിയ പരാമർശത്തെ അപലപിച്ച് കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ബുപേഷ് ബഗേലും രംഗത്തെത്തിയിരുന്നു. നമ്മുടെ പ്രധാനമന്ത്രിയെക്കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്താൻ ആർക്കും അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.