ശബരിമല തീർത്ഥാടകർക്ക് പമ്പയിൽ നിന്ന് കെഎസ്ആർടിസി ബസുകളിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണം; ഹൈക്കോടതി

കൊച്ചി: ശബരിമല തീർത്ഥാടകർക്ക് പമ്പയിൽ നിന്ന് കെഎസ്ആർടിസി ബസുകളിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. ഗ്രൂപ്പ് ബുക്കിങ് നടത്തിയവരുടെ ഉൾപ്പെടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാകണമെന്നാണ് കോടതി വ്യക്തമാക്കുന്നത്. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് കെ.പി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

കളക്ടർ, ജില്ലാ പൊലീസ് മേധാവി, ശബരിമല സ്‌പെഷൽ കമ്മിഷണർ, കെഎസ്ആർടിസി സ്‌പെഷൽ ഓഫിസർ, ദേവസ്വം ബോർഡ് എക്‌സിക്യുട്ടിവ് എൻജിനീയർ എന്നിവരുമായി ആലോചിച്ച് സംവിധാനം രൂപീകരിക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ടിക്കറ്റിങ് ബുക്കിങ് നടത്തിയിട്ടും തീർത്ഥാടകർക്ക് പ്രത്യേകം വാഹനം നൽകുന്നില്ലെന്ന റിപ്പോർട്ടുകൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഈ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.

അതേസമം, ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് ഇതരസംസ്ഥാന ഡ്രൈവർമാരെ ബോധവൽക്കരിക്കണമെന്ന നിർദ്ദേശവും കോടതി മുന്നോട്ടുവെച്ചു. മോട്ടർ വാഹന വകുപ്പ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ നിന്നും തീർഥാടകരുമായി എത്തിയ വാഹനം അപകടത്തിൽപ്പെട്ട് 10 വയസ്സുള്ള കുട്ടി മരിക്കുകയും 13 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി.