മോര്‍മുഗാവോ: ഹൈടെക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും മികച്ച കപ്പലുകളിലൊന്ന്; പ്രത്യേകതകള്‍ അറിയാം

നാവികസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പലായ ‘മോര്‍മുഗാവോ’ ഇന്ന് മുംബൈയില്‍ കമ്മിഷന്‍ ചെയ്യും. 163 മീറ്റര്‍ നീളവും 17 മീറ്റര്‍ വീതിയും അത്യാധുനിക റഡാര്‍ സംവിധാനങ്ങളുള്ള കപ്പലിനു ബറാക്, ബ്രഹ്മോസ് മിസൈലുകള്‍ വഹിക്കാനാവും. മണിക്കൂറില്‍ 56 കിലോമീറ്ററാണു പരമാവധി വേഗം. ഹൈടെക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച കപ്പലുകളിലൊന്നാണ് മോര്‍മുഗാവോ. മുംബൈ മാസ്‌ഗോണ്‍ ഡോക്കില്‍ നിന്നാണ് ഈ യുദ്ധകപ്പല്‍ ആദ്യമായി നീറ്റിലിറക്കിയത്.

അതേസമയം, 15ബി പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച രണ്ടാമത്തെ കപ്പലുകളിലൊന്നായ ഇത് സര്‍ക്കാര്‍ സ്ഥാപനമായ മാസ്‌ഗോണ്‍ ഡോക്ക് ഷിപ്പ് ബിള്‍ഡേഴ്‌സ് ലിമിറ്റഡാണ് നിര്‍മിച്ചത്. 15ബി പദ്ധതിക്ക് കീഴില്‍ നാലോളം നശീകരണ കപ്പലുകളാണ് നിര്‍മിക്കുന്നത്. ആദ്യ കപ്പലായ ‘വിശാഖപട്ടണം’ 2021 ല്‍ സേനയുടെ ഭാഗമായിരുന്നു. പദ്ധതിയുടെ ഭാഗമായ മറ്റു 2 യുദ്ധക്കപ്പലുകള്‍ 2025 ന് അകം കമ്മിഷന്‍ ചെയ്യും. സേനയുടെ വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോ ആണു കപ്പലുകള്‍ രൂപകല്‍പന ചെയ്തത്.

7,300 ടണ്‍ ഭാരവും 163 മീറ്റര്‍ നീളവുമുള്ള കപ്പല്‍ ഐഎന്‍എസ് മോര്‍മുഗാവോ എന്ന പേരിലാണ് അറിയപ്പെടുക. നാല് കപ്പലുകള്‍ നിര്‍മ്മിക്കാന്‍ 35,800 കോടി രൂപ ചെലവ് വരും. കപ്പലില്‍ നിന്നു കരയിലേക്കും വായുവിലേക്കും മിസൈല്‍ വിക്ഷേപിക്കാനുള്ള ശേഷിയും ഈ കപ്പലിനുണ്ട്. ബാരക് -8 ദീര്‍ഘദൂര മിസൈലുകള്‍, ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ ഘടിപ്പിച്ചിരിക്കുന്ന ഈ യുദ്ധ കപ്പലിന് ഗോവ തുറമുഖത്തിന്റെ പേരിടുകയായിരുന്നു.

പ്രൊജക്ട് 15ബി കപ്പലുകളിലെ പ്രധാന സംവിധാനങ്ങള്‍ അറിയാം

• ആയുധശേഖരത്തില്‍ ബ്രഹ്മോസ് മിസൈലുകള്‍

• ഇസ്രയല്‍ നിര്‍മിത ബരാക് 8- മിസൈല്‍ (ഇത്തരം 32 എണ്ണം)

• വിശാഖപട്ടണം ക്ലാസില്‍ 127 എംഎം ഗണ്‍ ആണു പ്രധാന ആയുധമെങ്കില്‍ കൊല്‍ക്കത്ത ക്ലാസില്‍ 76 എംഎം സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട് (എസ്ആര്‍ജിഎം) ആണു പ്രധാനമായി ഉപയോഗിക്കുന്നത്.

• എകെ-630 ക്ലോസ് ഇന്‍ ആന്റി മിസൈല്‍ ഗണ്‍ സിസ്റ്റം

• ഇസ്രയേല്‍ നിര്‍മിത മള്‍ട്ടി ഫങ്ഷന്‍ നിരീക്ഷണ- മുന്നറിയിപ്പ് (സര്‍വെയ്ലന്‍സ് ത്രെട്ട് അലര്‍ട്ട) റഡാര്‍

• ഷിപ്പ് ഡേറ്റാ നെറ്റ്വര്‍ക്ക് (എസ്ഡിഎം)

• ഓട്ടമാറ്റിക് പവര്‍ മാനേജ്‌മെന്റ് സിസ്റ്റം (എപിഎംഎസ്)

• കോംപാക്ട് മാനേജ്‌മെന്റ് സിസ്റ്റം (സിഎംഎസ്)

• ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം (ഐപിഎംഎസ്)

• രണ്ടു ഹെലികോപ്റ്ററുകള്‍ വഹിക്കാം

• 163 മീറ്റര്‍ നീളം, 7300 ടണ്‍ കേവുഭാരം. നാല് ഗ്യാസ് ടര്‍ബൈനുകളിലാണ് സഞ്ചാരം. പരമാവധി വേഗം 30 നോട്ടിക്കല്‍ മൈല്‍ വരെ. 50 ഓഫിസര്‍മാരും 250 നാവികരും ഉള്‍പ്പെടെ 300 സൈനികള്‍ പരമാവധി വഹിക്കാന്‍ ശേഷി.

• ആന്റി സബ്മറൈന്‍ വെപ്പണിനു വേണ്ടിയുള്ള റോക്കറ്റ് ലോഞ്ചര്‍ (എല്‍ ആന്‍ഡ് ടി നിര്‍മിച്ചു നല്‍കിയത്)

• ടോര്‍പിഡോ ട്യൂബ് ലോഞ്ചര്‍ (എല്‍ ആന്‍ഡ് ടി)

• കോംപാക്ട് മാനേജ്‌മെന്റ് സിസ്റ്റം (ഭാരത് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്)

• ക്ലോസ് ഇന്‍ വെപ്പണ്‍ സിസ്റ്റം (ഭാരത് ഇലക്ട്രിക്കല്‍സ്, ഗണ്‍ ഷെല്‍ ഫാക്ടറി)

• സോണാര്‍ (ഭാരത് ഇലക്ട്രിക്കല്‍സ്)