ഇന്ന് കലാശപ്പോര്: മെസ്സിയോ, എംബാപ്പെയോ?

ഖത്തര്‍ ലോകകപ്പിന്റെ കലാശ പോരാട്ടത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സ് മുന്‍ ചാമ്ബ്യന്മാരായ അര്‍ജന്റീനയെ ഇന്ന് നേരിടും. ലോക ഫുട്‌ബോളിലെ ഗ്ലാമര്‍ താരങ്ങളായ ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും നേര്‍ക്കുനേര്‍ വരുന്ന ഫൈനല്‍ പോരാട്ടത്തെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

കാറ്റും കോളും കനല്‍ വഴികളും താണ്ടി ഫൈനലിനെത്തിയ അര്‍ജന്റീനയും ഫ്രാന്‍സും. പരിക്കും പനിയും ഫ്രഞ്ച് ക്യാമ്ബില്‍ അങ്കലാപ്പുണ്ടാക്കുന്നുണ്ട്. അല്ലലേതുമില്ലാത്തതിന്റെ ആത്മവിശ്വാസത്തില്‍ അര്‍ജന്റീന ക്യാമ്പ്. ഡി മരിയയെ ആദ്യ പതിനൊന്നിലിറക്കി വീണ്ടും ഭാഗ്യം പരീക്ഷിക്കാന്‍ കോച്ച് സ്‌കലോണിയുടെ നീക്കങ്ങള്‍. പലവട്ടം കൈവിട്ട കളിദൈവങ്ങള്‍ ഇത്തവണയെങ്കിലും മിശിഹായെ കാക്കുമോ? പൂര്‍ണതയെ പുല്‍കാന്‍ കഴിയാതെ ലയണല്‍ മെസിക്ക് ദോഹയോട് വിടപറയേണ്ടി വരുമോ? 19ലും പിന്നെ 23ലും കപ്പുയര്‍ത്തി എംബാപ്പെ പ്രായം കുറഞ്ഞ ഇതിഹാസമാകുമോ?