തിരുവനന്തപുരം: മികച്ച വരുമാന നേട്ടവുമായി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി. ടിക്കറ്റിതര വരുമാനയിനത്തിൽ ഇത്രയധികം ലാഭം നൽകിയ മറ്റൊരു പദ്ധതി കെഎസ്ആർടിസിയുടെ ചരിത്രത്തിലില്ല. കുറഞ്ഞ ചെലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രയൊരുക്കുന്നതിനാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ വർഷം നവംബറിലാണ് ഈ പദ്ധതി തുടങ്ങിയത്. 2021 നവംബർ മുതൽ 2022 ഒക്ടോബർ വരെയുള്ള ഒരുവർഷത്തിനിടയിൽ 10,45,06,355 രൂപയുടെ വരുമാനമാണ് പദ്ധതിവഴി ലഭിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഡിപ്പോകളിൽ നിന്നാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി സർവീസുകൾ നടത്തുന്നത്. 602 ടൂർ പാക്കേജുകളിലായി 2907 ട്രിപ്പുകൾ കഴിഞ്ഞ വർഷം ഒരു വർഷത്തിനിടെ കെഎസ്ആർടിസി നടത്തി. 1,94,184 യാത്രക്കാർ കഴിഞ്ഞ ഒരു വർഷത്തിനിടെ ബജറ്റ് ടൂറിസം പദ്ധതിയിലൂടെ യാത്ര ചെയ്തു. 7,77,401 കിലോമീറ്റർ സഞ്ചരിച്ചതിലൂടെയാണ് ഇത്രയധികം വരുമാനം കോർപ്പറേഷന് ലഭിച്ചത്.
തിരഞ്ഞെടുത്ത 22 സ്ഥലങ്ങളിലേക്കാണ് നിലവിൽ കെഎസ്ആർടിസി വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. മൂന്നാർ ട്രിപ്പുകൾക്കാണ് ഏറ്റവും അധികം സഞ്ചാരികളുള്ളത്. കൊച്ചിയിലെ ആഡംബര കപ്പലിലേക്കുള്ള യാത്രയ്ക്കും (നെഫർ ടിറ്റി പാക്കേജ്) സഞ്ചാരികളേറെയുണ്ട്. മലക്കപ്പാറ സർവീസുകളാണ് വരുമാനത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. ജംഗിൾ സഫാരി, നാലമ്പലം, വാഗമൺ, വയനാട് പാക്കേജുകളും വരുമാനത്തിൽ മുൻനിരയിലാണ്.

