ഖത്തർ ലോകകപ്പ് ഫൈനൽ; ലോകസമാധാന സന്ദേശം പങ്കുവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള യുക്രൈൻ പ്രസിഡന്റിന്റെ അഭ്യർത്ഥന തള്ളി ഫിഫ

കീവ്: ഖത്തർ ലോകകപ്പ് ഫൈനലിന് മുന്നോടിയായി ലോകസമാധാന സന്ദേശം പങ്കുവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ അഭ്യർത്ഥന ഫിഫ നിരസിച്ചതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ലുസൈൽ സ്റ്റേഡിയത്തിൽ ഡിസംബർ 18 ഞായറാഴ്ച നടക്കുന്ന അർജന്റീന vs ഫ്രാൻസ് ഫൈനൽ മത്സരത്തിന് മുമ്പ് തന്റെ സന്ദേശം അറിയിക്കാൻ അവസരം നൽകണമെന്നായിരുന്നു സെലെൻസ്‌കി ഫിഫയോട് അഭ്യർത്ഥിച്ചിരുന്നത്. എന്നാൽ, തങ്ങൾ ഒരു ആഗോള സംഘടനയാണെന്നും ആർക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ പ്രസ്താവനകൾ നടത്താനുള്ള വേദിയാകാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഫിഫ വ്യക്തമാക്കിയത്. യുക്രൈൻ ആക്രമണത്തെ തുടർന്ന് റഷ്യയെ നേരത്തെ ഫിഫ വിലക്കിയിരുന്നു.

അതേസമയം, നിരവധി പരിപാടികളിൽ യുക്രൈൻ പ്രസിഡന്റ് സമാധാനത്തിനും സഹായത്തിനും വേണ്ടി അഭ്യർത്ഥിച്ചിരുന്നു. ഇസ്രായേൽ പാർലമെന്റ്, ഗ്രാമി അവാർഡുകൾ, കാൻ ഫിലിം ഫെസ്റ്റിവൽ, ജി 20 ഉച്ചകോടി എന്നിവയുൾപ്പെടെയുള്ള സർക്കാർ, സാംസ്‌കാരിക പരിപാടികളിലായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.