ക്ലിഫ് ഹൗസിൽ നീന്തൽകുളം നവീകരിക്കാൻ ചെലവഴിച്ചത് ലക്ഷങ്ങൾ; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നീന്തൽ കുളം നവീകരിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതായുള്ള കണക്കുകൽ പുറത്ത്. 31,92,360 രൂപയാണ് 2016 മുതൽ നീന്തൽ കുളത്തിന്റെ നവീകരണത്തിനായി ചെലവഴിച്ചതെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിട്ടുള്ളത്. പിണറായി സർക്കാർ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ ചെലവിട്ടത് 31,92, 360 രൂപയാണെന്ന് വിവരാകാശ രേഖ ചൂണ്ടിക്കാട്ടുന്നു.

18, 06, 789 രൂപയാണ് കുളം നവീകരിച്ചെടുക്കാൻ ചെലവായത്. മേൽക്കൂര പുതുക്കാനും പ്ലാന്റ് റൂം നന്നാക്കാനും 7,92,433 രൂപയും ചെലവഴിച്ചു. വാർഷിക അറ്റകുറ്റ പണികൾക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയാണ് സർക്കാർ ചെലവഴിച്ചത്. വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതും നാശാവസ്ഥയിലുമായ നീന്തൽ കുളമാണ് നന്നാക്കിയെടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ മറുപടിയിൽ വിശദീകരിച്ചിട്ടുള്ളത്.

നിയമസഭയിലടക്കം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർക്കാർ മറച്ചുവച്ച കണക്കാണ് വിവരാവകാശ നിയമപ്രകാരം പുറത്തു വന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെയാണ് ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് ചെലവഴിച്ച ലക്ഷങ്ങളുടെ കണക്ക് പുറത്ത് വരുന്നത്. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.