തിരുവനന്തപുരം: ദേശീയപാത വികസനം സംബന്ധിച്ച വിഷയത്തിൽ കേന്ദ്രസർക്കാരും കേരളവും തമ്മിൽ തർക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ ആരും മനഃപ്പായസമുണ്ണേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലിവേറ്റഡ് ഫ്ളൈഓവർ, കുതിരാൻ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും 13 മറ്റ് റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയ്ക്ക് ഒപ്പം സംയുക്തമായി നിർവഹിച്ചശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ദേശീയപാതാ വികസനം, ഗെയിൽ പദ്ധതി തുടങ്ങിയ വൻകിട പദ്ധതികൾ നടപ്പാക്കുക വഴി കേരളത്തിൽ വികസന പ്രവർത്തനങ്ങൾ സാധ്യമാകുമെന്ന നിലയിലേക്ക് ജനങ്ങളുടെ കാഴ്ചപ്പാട് മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഇച്ഛാശക്തിയുടെ കൂടെ വിജയമാണ് സംസ്ഥാനത്തെ റോഡ് ഗതാഗത വികസന കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിലെ റോഡ് വികസനകാര്യത്തിൽ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി തികച്ചും അനുകൂലമായ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് റോഡ് വികസനത്തിനായി ഭൂമിയേറ്റെടുക്കൽ പ്രവൃത്തിക്ക് ഒരുവിധ തടസ്സങ്ങളും ഉണ്ടാവില്ലെന്നും കേന്ദ്രം ഇതുവരെ നൽകിയ പിന്തുണ തുടരണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. 28 കിലോമീറ്റർ ദൈർഘ്യമുള്ള കുതിരാൻ തുരങ്കപാതയ്ക്ക് 1019 കോടി രൂപയാണ് ചെലവിട്ടത്. മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള കഴക്കൂട്ടം എലിവേറ്റഡ് ഹൈവേക്ക് 334 കോടി രൂപ ചെലവ് വന്നു. സംസ്ഥാനത്ത് റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആരും വഴിയാധാരം ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

