പൃഥിരാജ്, ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, ആന്റോ ജോസഫ് ഉൾപ്പെടെയുള്ള നിർമ്മാതാക്കളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

കൊച്ചി: നടനും നിർമ്മാതാവുമായ പൃഥിരാജിന്റെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. പ്രമുഖരായ മറ്റ് ചില നിർമ്മാതാക്കാളുടെ വീടുകളിലും റെയ്ഡ് നടന്നു. ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, ആന്റോ ജോസഫ് തുടങ്ങിയവരുടെ വീടുകളിലാണ് പരിശോധന നടന്നത്.

ആദായ നികുതി വകുപ്പിന്റെ കേരള, തമിഴ്നാട് ടീമുകളാണ് നിർമ്മാതാക്കളുടെ വീട്ടിൽ റെയ്ഡിനെത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ പെരുമ്പാവൂർ പട്ടാലിലെ വീട്ടിലാണ് ഇൻകംടാക്‌സ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. രാവിലെ എട്ട് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ആറ് ടാക്‌സി കാറുകളിലായാണ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ലോക്കൽ പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നില്ല.

പരിശോധന സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കാനും ഉദ്യോഗസ്ഥർ തയ്യാറായില്ല. ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുളവർക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. പരിശോധന നടക്കുന്ന സമയത്ത് ആന്റണി പെരുമ്പാവൂർ വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രാത്രി ഏറെ വൈകിയിട്ടാണ് പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങിയത്.