ന്യൂഡൽഹി: യുഎൻ പട്ടികയിൽ ഇടംനേടി കേന്ദ്ര സർക്കാരിന്റെ നമാമി ഗംഗേ പദ്ധതി. ലോകത്തെ പുനരുജ്ജീവിപ്പിപ്പിക്കുന്ന 10 പദ്ധതികളിൽ ഒന്നായി നമാമി ഗംഗേ പദ്ധതിയെ തെരഞ്ഞെടുത്തു. ഗംഗയെ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണിത്. നഷ്ടപ്പെട്ട പ്രകൃതിയെ തിരിച്ചുപിടിക്കുന്ന വിവിധ രാജ്യങ്ങളിലെ പദ്ധതികളാണ് യുഎന്നിന്റെ ഈ പട്ടികയിൽ ഇടംനേടിയിട്ടുള്ളത്. 70 രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം സംരംഭങ്ങളിൽ നിന്നാണ് നമാമി ഗംഗയെ തെരഞ്ഞെടുത്തത്.
കാനഡയിലെ മോൺട്രിയലിൽ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള കൺവെൻഷനിൽ നമാനി ഗംഗേ ഡയറക്ടർ ജനറൽ യുഎൻ അവാർഡ് സ്വീകരിച്ചതായി ജലശക്തി മന്ത്രാലയം അറിയിച്ചു. യുനൈറ്റഡ് നേഷൻസ് എൻവറോയോൺമെന്റ് പ്രോഗ്രാം (യുഎൻഇപി), യുനൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) യുഎൻ ഇക്കോസിസ്റ്റം എന്നിവയുടെ നേതൃത്വത്തിലാണ് വിവിധ പദ്ധതികളെ തെരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള സമാനമായ മറ്റ് ഇടപെടലുകൾക്ക് തങ്ങളുടെ ശ്രമങ്ങൾ വഴികാട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നമാമി ഗംഗെ ഡയറക്ടർ ജനറൽ ജി അശോക് കുമാർ അറിയിച്ചു.

