മന്ത്രി കെ രാജൻ ഉൾപ്പെടെയുള്ളവരുടെ ഫേസ്ബുക്ക് പേജുകൾ ഹാക്ക് ചെയ്തു; ലക്ഷ്യം പണംതട്ടൽ

കൊച്ചി: മന്ത്രി കെ രാജൻ ഉൾപ്പെടെയുള്ളവരുടെ ഫേസ്ബുക്ക് പേജുകൾ ഹാക്ക് ചെയ്ത് പണം തട്ടാൻ ഉപയോഗിച്ചതായി പരാതി. മന്ത്രി കെ രാജൻ, മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവരുടെയുൾപ്പെടെയുള്ളവരുടെ ഫേസ്ബുക്ക് പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്.

വ്യാജ സൈറ്റുകളിലൂടെ പണം തട്ടാനും കമ്പ്യൂട്ടറുകളിലെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ ചോർത്താനുമാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. വ്യാജ ലോട്ടറിയുടെയും വ്യാജ മരുന്നുകളുടെയും ലിങ്കുകളും വിവരങ്ങൾ ചോർത്തുന്ന സോഫ്റ്റ് വെയർ അടങ്ങിയ ലിങ്കുകളും ഹാക്ക് ചെയ്ത സമൂഹമാദ്ധ്യമങ്ങൾ വഴി പോസ്റ്റ് ചെയ്തായിരുന്നു തട്ടിപ്പ് നടന്നത്. ഇത്തരത്തിൽ രണ്ടായിരത്തിലേറെ പോസ്റ്റുകൾ മന്ത്രി കെ രാജന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

തന്റെ ഫേസ്ബുക്ക് പേജ് തിരികെ ലഭിച്ച വിവരം മന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു. ഏകദേശം ഒരു മാസത്തോളമായി ഫേസ്ബുക്ക് വഴിയുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയായിരുന്നുവെന്നും തന്റെ ഔദ്യോഗിക പേജിന്റെ നിയന്ത്രണം ഹാക്കർമാരുടെ കൈകളിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹാക്കർമാർ പേജിൽ അനാവശ്യ ഉള്ളടക്കമടങ്ങിയ ലിങ്കുകളും ഫോട്ടോകളും തുടർച്ചയായി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പേജിന്റെ മുഴുവൻ പ്രശ്‌നങ്ങളും പരിഹരിച്ച് ഹാക്കർമാരിൽ നിന്ന് തിരിച്ചെടുക്കാൻ സൈബർ വിദഗ്ധൻ ജിയാസ് ജമാലിന്റെ സഹായത്തോടെ സാധ്യമായെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.

കൊച്ചി കോർപറേഷൻ മേയർ അനിൽകുമാർ, ആലുവ എംഎൽഎ അൻവർ സാദത്ത്, കുന്നത്തുനാട് മുൻ എംഎൽഎ വി പി സജീന്ദ്രൻ, മന്ത്രി വി എൻ വാസവൻ, മുൻ മന്ത്രി കെ കെ ശൈലജ തുടങ്ങിയ നിരവധി പേരുടെ ഫേസ്ബുക്ക് പേജുകൾ അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.