ബിന്‍ലാദനെ സംരക്ഷിക്കുകയും, അയല്‍രാജ്യത്തെ പാര്‍ലമെന്റ് ആക്രമിക്കുകയും ചെയ്ത ഒരു രാജ്യത്തിന് ധര്‍മോപദേശം നടത്താന്‍ യോഗ്യതയില്ല; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ സംരക്ഷിക്കുകയും, അയല്‍രാജ്യത്തെ പാര്‍ലമെന്റ് ആക്രമിക്കുകയും ചെയ്ത ഒരു രാജ്യത്തിന് ധര്‍മോപദേശം നടത്താന്‍ യോഗ്യതയില്ലെന്ന് കാശ്മീര്‍ വിഷയം യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഉന്നയിച്ച പാകിസ്ഥാനോട് ഇന്ത്യ.

‘കാലാവസ്ഥാ വ്യതിയാനമോ സംഘര്‍ഷങ്ങളോ തീവ്രവാദമോ ആകട്ടെ, നമ്മള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളോടുള്ള പ്രതികരണത്തെ ആശ്രയിച്ചാണ് യു എന്നിന്റെ വിശ്വാസ്യത. ലോകം അംഗീകരിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ചോദ്യം ഉയര്‍ത്തേണ്ട ആവശ്യമില്ല. അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനെ സംരക്ഷിച്ച, അയല്‍രാജ്യത്തിന്റെ പാര്‍ലമെന്റ് ആക്രമിച്ച ഒരു രാജ്യത്തിന് യു.എന്‍ രക്ഷാകൗണ്‍സിലിനു മുന്നില്‍ ധര്‍മോപദേശം നടത്താന്‍ യാതൊരു യോഗ്യതയുമില്ല. പതിനെട്ട് വര്‍ഷം മുമ്ബ്, ഡിസംബര്‍ പതിമൂന്നിന് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇ തൊയ്ബ (എല്‍ഇടി), ജെയ്ഷെ മുഹമ്മദ് (ജെഎം) എന്നിവയുടെ ഭീകരര്‍ ഡല്‍ഹിയിലെ പാര്‍ലമെന്റ് സമുച്ചയം ആക്രമിക്കുകയും വെടിവയ്പ്പ് നടത്തുകയും ചെയ്തു. ഒമ്ബത് പേരാണ് കൊല്ലപ്പെട്ടത്’- വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ യു എന്‍ കൗണ്‍സിലില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ കാശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.