തിരുവനന്തപുരം: മുസ്ലിം വ്യക്തി നിയമത്തിന് അടിസ്ഥാനമായ ശരിഅത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ‘പ്രവാചകന്റെ യഥാര്‍ഥ ആവിഷ്‌ക്കാര’മാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി, വി.പി സുഹ്റ തുടങ്ങിയവര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സ്പെഷ്യല്‍ ലീവ് പെറ്റിഷനില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനൊരുങ്ങുകയാണ്. മുസ്ലിം സ്ത്രീകളുടെ പിന്തുടര്‍ച്ചാവകാശ കാര്യത്തില്‍ ഇസ്ലാമിക നിയമം വിവേചനം കാട്ടുന്നുവെന്നും, ആ വിവേചനം ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നുമാണ് പരാതിക്കാരുടെ വാദം. ഈ വാദത്തെ സര്‍ക്കാര്‍ തള്ളുകയാണ് ചെയ്യുന്നത്.
അതേസമയം, മുസ്ലിം സ്ത്രീകളുടെ പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച് മുസ്ലിങ്ങള്‍ പിന്തുടരുന്ന രീതി ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്ന പരാതിക്കാരുടെ ഹര്‍ജി കേരള ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. എന്നാല്‍, മുസ്ലിം വ്യക്തിനിയമം സ്ത്രീകളോട് വിവേചനം കാണിക്കുകയും നിയമത്തിന് മുന്നില്‍ മതം, വംശം, ജാതി, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നുമാണ് പരാതിക്കാരുടെ വാദം.
അതേസമയം, ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയില്ലെന്നും, പ്രശ്‌നങ്ങള്‍ പരിഗണിച്ചുള്ള നിയമനിര്‍മ്മാണം നിയമസഭയ്ക്ക് വിടുന്നുവെന്നും കേരള ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. എന്നാല്‍, നിലവിലുള്ള ആചാരങ്ങളും നടപടിക്രമങ്ങളും തുടരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മതനേതാക്കളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും ഉന്നതതല യോഗം ഏകകണ്ഠമായി അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന് ഈ വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പിന്തുടര്‍ച്ചാവകാശ തത്വങ്ങള്‍ ഇസ്ലാമിക നിയമങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ഗ്രാഹ്യത്തിന് വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ക്ക് തോന്നുന്നുവെങ്കില്‍, അവരുടെ മനസ്സാക്ഷിക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, കോടതിയിലൂടെ അവര്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വാദിക്കും. സമസ്ത ശരിഅത്ത് ഉയര്‍ത്തി കാണിച്ചു വിമര്‍ശിച്ച സംഭവങ്ങളിലെല്ലാം അടുത്തകാലത്തായി സര്‍ക്കാര്‍ വഴങ്ങിയിരുന്നു. കുടുംബശ്രീ സത്യപ്രതിജ്ഞയില്‍ മലക്കം മറിഞ്ഞതിന് പിന്നാലെ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോമിനെയും പാഠ്യപദ്ധതി പരിഷ്‌ക്കരണത്തെയും സമസ്ത എതിര്‍ത്തിരുന്നു. ഈ വിഷയത്തിലെല്ലാം യുടേണ്‍ എടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതു.

