കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 5000ത്തോളം താറാവുകളെ കൊന്നൊടുക്കും

കോട്ടയം: കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ ആർപ്പുക്കര, തലയാഴം പഞ്ചായത്തുകളിലെ ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കർഷകർ വളർത്തുന്ന താറാവുകളിലും കോഴികളിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. എച്ച് 5 എൻ 1 പനിയാണ് കോട്ടയത്ത് കണ്ടെത്തിയത്. ഇത് എല്ലാത്തരം പക്ഷികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ്.

കൂടുതൽ ഫാമുകളിലേക്ക് പക്ഷിപ്പനി വ്യാപിക്കാതിരിക്കാൻ പക്ഷികളെ കൊന്നൊടുക്കാനാണ് തീരുമാനം. രണ്ടു പഞ്ചായത്തുകളിലുമായി 5000ത്തോളം താറാവുകളെ കൊന്നൊടുക്കും. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് ആദ്യം പക്ഷിപ്പനി കണ്ടെത്തിയത്. ബ്രോയിലർ കോഴികളിലാണ് രോഗലക്ഷണങ്ങൾ കണ്ടിരുന്നത്. തിരുവല്ലയിലെ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനി ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് കൂടുതൽ പരിശോധനകൾ നടത്താനായി ഭോപ്പാലിലെ ലാബിലേക്ക് സാമ്പിളുകൾ അയച്ചു.

പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ജില്ലാ കളക്ടറിന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നിരുന്നു.രോഗം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. അതേസമയം, പക്ഷികളെ കൊന്നൊടുക്കിയാൽ മതിയായ നഷ്ടപരിഹാരം ലഭിക്കുമോയെന്ന ആശങ്ക കർഷകർക്കിടയിൽ നിലനിൽക്കുന്നുണ്ട്.