ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ഡിസംബര്‍ 24ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന ടൂറിസം വകുപ്പിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ബേക്കല്‍ അന്തരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ ഡിസംബര്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 10 ദിവസത്തെ ആഘോഷങ്ങളില്‍ ഗ്രാന്‍ഡ് കാര്‍ണിവല്‍, വാട്ടര്‍സ്‌പോട്ട്, ഹെലികോപ്റ്റര്‍ റൈഡ്, ഫല്‍വര്‍ ഷോ, റോബോട്ടിക്ക് ഷോ, കള്‍ച്ചറല്‍ ഷോ സാന്‍ഡ് ആര്‍ട്ട് തുടങ്ങി നിരവധി പരിപാടികളും അരങ്ങേറും.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, റോബോട്ടിക് ഷോയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പുഷ്പപ്രദര്‍ശനവും ഉദ്ഘാടനം ചെയ്യും. 200 ല്‍ കൂടൂതല്‍ സ്റ്റാളുകള്‍ ഉള്ള പ്രദര്‍ശനമാണ് ഒരുങ്ങുന്നത്. നൂറിന്‍ സിസ്റ്റേഴ്‌സ്, സിത്താര, ശബ്‌നം റിയാസ്, പ്രസീത ചാലക്കുടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സ്റ്റീഫന്‍ ദേവസ്സി തുടങ്ങിയവരുടെ കലാപരിപാടികളും അരങ്ങേറും. കുടുംബശ്രീ, സഹകരണ ബാങ്കുകള്‍ വഴിയാണ് ടിക്കറ്റുകളുടെ വില്‍പ്പന. ബീച്ചില്‍ പ്രത്യേക കൗണ്ടറും ഒരുക്കും. ഫെസ്റ്റിവലിന് മുന്നോടിയായി 20ന് പകല്‍ മൂന്നിന് വിളംബരഘോഷയാത്ര സംഘടിപ്പിക്കും.

അതേസമയം, രണ്ടാംദിവസത്തെ സാംസ്‌കാരിക പരിപാടിയില്‍ അറബ് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. 26ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, 27ന് പി.കെ. കുഞ്ഞാലിക്കുട്ടി, 28ന് സന്തോഷ് ജോര്‍ജ് കുളങ്ങര, 30ന് കൃഷിമന്ത്രി പി. പ്രസാദ്, സി.ജെ. കുട്ടപ്പന്‍, മൂന്നിന് മന്ത്രി ആര്‍. ബിന്ദു, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഒന്നിന് മന്ത്രി വി. അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുക്കും.