കേരളത്തിലെ ഹൈവേ നിര്‍മാണം: തുകയുടെ 25 ശതമാനം വഹിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി വാക്ക് മാറ്റി; വിമര്‍ശനവുമായി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: കേരളത്തില്‍ ഒരു കിലോമീറ്റര്‍ ഹൈവേ നിര്‍മാണത്തിന് ചെലവ് നൂറ് കോടി രൂപയെന്ന് പാര്‍ലമെന്റില്‍ രാജ്യത്തെ റോഡ് നിര്‍മാണത്തെക്കുറിച്ച് സംസാരിക്കവെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

‘ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25 ശതമാനം വഹിക്കാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് അദ്ദേഹം അതില്‍ നിന്ന് പിന്മാറി. നിര്‍മാണ സാമഗ്രികളുടെ റോയല്‍റ്റി ഒഴിവാക്കിയും സര്‍ക്കാരിന്റെ ഭൂമി സൗജന്യമായി തന്നും റോഡ് നിര്‍മാണത്തില്‍ സഹകരിക്കാന്‍ സംസ്ഥാനത്തോട് കേന്ദ്രം ആവശ്യപ്പെട്ടു’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പെട്രോള്‍ വിലവര്‍ദ്ധനയില്‍ കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ വാറ്റ് നികുതി ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി കുറ്റപ്പെടുത്തി.