55,335.32 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന നാഗ്പുര്‍-മുബൈ എക്‌സ്പ്രസ് വേയുടെ പ്രത്യേകതകള്‍ അറിയാം

55,335.32 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന നാഗ്പുര്‍-മുബൈ സമൃദ്ധി എക്‌സ്പ്രസ് വേയുടെ ആദ്യഘട്ടമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രേമോദി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആകെ 701 കിലോ മീറ്റര്‍ നീളമുള്ള എക്‌സ്പ്രസ് വേയുടെ ആദ്യഘട്ടമാണ് ജനങ്ങള്‍ക്കായി തുറന്നത്. ബാക്കിയുള്ള 181 കിലോ മീറ്റര്‍ 2023 ജൂലൈയോടുകൂടി പൂര്‍ത്തിയാക്കുമെന്നാണ് എം.എസ്.ആര്‍.ഡി.സി. അറിയിച്ചത്. നിലവില്‍ ഷിര്‍ദ്ദിവരേയാണ് ‘ ‘Hindu Hrudaysamrat Balasaheb Thackeray Maharashtra Samruddhi Mahamarg’ എന്ന് പേരിട്ടിരിക്കുന്നത്. ഇതോടെ ഇനി അതിവേഗ പാതയില്‍ കൂടി 5 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ നിന്ന് ഷിര്‍ദ്ദിയിലെത്താനാകും. 32 വലിയ പാലങ്ങള്‍, 7 തുരങ്കങ്ങള്‍, 317 ചെറു പാലങ്ങള്‍, 8 റെയില്‍വേ മേല്‍പാലങ്ങള്‍, മൃഗങ്ങള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ പാകത്തിലുള്ള നൂറോളം പാതകള്‍, 7 പെട്രോള്‍ സ്റ്റേഷനുകള്‍ തുടങ്ങി പ്രത്യേകതകളേറെയുണ്ട് ഇതിന്.

നാഗ്പുര്‍, വര്‍ധ, അരാവതി, വാഷിം, ബുല്‍ധാന ജില്ലകളിലായി വിധര്‍ഭ, കടുവാ ഇടനാഴികള്‍, ടാന്‍സയിലെ പ്രകൃതിലോലപ്രദേശങ്ങള്‍, കറ്റെപുര്‍ണ, കരന്‍ജ സൊഹോള്‍ വന്യജീവി സങ്കേതം തുടങ്ങിയിടങ്ങളില്‍ കൂടിയാണ് പാത കടന്നു പോകുന്നത്. ഇവിടങ്ങളില്‍ ശബ്ദ നിയന്ത്രണ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. മൃഗങ്ങളുടെ ആവാസവ്യവസ്ഥകളെ കൂടി കണക്കിലെടുത്തു കൊണ്ടാണ് നിര്‍മ്മാണം. ഇതിനായി 326 കോടിയാണ് ചെലവഴിച്ചത്. 84 അടിപാതകളും മേല്‍പാതകളുമാണ് മൃഗങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി എം.എസ്.ആര്‍.ഡി.സി. ഒരുക്കിയിരിക്കുന്നത്. നാല് വര്‍ഷമെടുത്ത് 34 ലക്ഷത്തോളം മരങ്ങളും ചെടികളും ചെറുവള്ളികളും പാതയുടെ വശങ്ങളില്‍ നട്ടുപിടിപ്പിക്കുമെന്നും എം.എസ്.ആര്‍.ഡി.സി പറയുന്നു. ഇതിനായി മഴവെള്ളം ശേഖരിച്ച് വെച്ച് സോളാര്‍ പമ്പുകളുപയോഗിച്ച് പാതകള്‍ക്കിരുവശത്തും വെച്ചുപിടിപ്പിച്ച മരങ്ങളും ചെടികളും നനയ്ക്കും. കൂടാതെ പാതയോരങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന വിദര്‍ഭ, മറാത്തവാഡ മേഖലകളിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ ജലസംഭരണികളായി ആയിരത്തിലധികം കാര്‍ഷിക കുളങ്ങളും ചെക്ക് ഡാമുകളും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, വന്യജീവിസങ്കേതങ്ങളെ സംരക്ഷിച്ചു കൊണ്ടുള്ള നിര്‍മ്മിതിയായിരിക്കും ഇതെന്ന് അന്നത്തെ നഗരവികസനമന്ത്രിയും നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ഏക്‌നാഥ് ഷിന്‍ഡെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 10 ജില്ലകള്‍, 26 താലൂക്കുകള്‍, 392 ഗ്രാമങ്ങള്‍ 18നഗരങ്ങള്‍ പിന്നിടുന്നതായിരിക്കും അതിവേഗ പാത. മണിക്കൂറില്‍ 120 കിലോമീറ്ററാകും വാഹനങ്ങളുടെ വേഗം. 25 ഇന്റര്‍ചേഞ്ചുകള്‍ ഉണ്ടാകും. 2762 കലുങ്കുകളും 1797 നിര്‍മ്മിതികളും. നാഗ്പുര്‍ മുതല്‍ മുംബൈ വരെ എട്ട് മണിക്കൂര്‍ നീളുന്ന യാത്രയില്‍ യാത്രക്കാര്‍ക്കായി വഴികളില്‍ നിരവധി സൗകര്യങ്ങളാണ് ഒരുക്കുക. യാത്രക്കാര്‍ക്കായി ഭക്ഷണ കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പ്, വൈദ്യുതി ചാര്‍ജിങ് കേന്ദ്രം, ട്രോമ സെന്റര്‍, ആംബുലന്‍സ് അടക്കം ഇുരുപതിലേറെ സേവനങ്ങള്‍ അതിവേഗപാതകളില്‍ ഒരുക്കും. 15 ട്രാഫിക് എയ്ഡ് പോസ്റ്റുകള്‍ (ടിഎപികള്‍) ഹൈവേ സുരക്ഷാ പോലീസ് (എച്ച്.എസ്.പി.) സ്ഥാപിച്ചിട്ടുണ്ട്. ടി.എ.പികളെ സഹായിക്കാനും മറ്റുമായി 150ഓളം വരുന്ന വിമുക്തഭടന്മാരേയും വിന്യസിച്ചിട്ടുണ്ട്. 21 ആംബുലന്‍സുകള്‍, 30 മെട്രിക് ടണ്‍ വീതമുള്ള 15 ക്രൈയിനുകള്‍, 21 ക്വിക് റെസ്‌പോണ്‍സ് വാഹനങ്ങളും വിന്യസിച്ചിട്ടുണ്ട്.