തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം. നിയമസഭ അനിശ്ചിതമായി പിരിഞ്ഞുവെന്ന് ഗവർണറെ അറിയിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. അടുത്ത മാസമാണ് കഴിഞ്ഞ ദിവസം അവസാനിച്ച സഭയുടെ തുടർച്ച ചേരുന്നത്.
സഭ അവസാനിച്ച ശേഷം അപ്പോൾ തന്നെ മന്ത്രിസഭാ യോഗം ചേർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി ഗവർണറെ അറിയിക്കുന്നതായിരുന്നു സാധാരണ രീതി. സ്പീക്കർ വഴിയാണ് ഇക്കാര്യം ഗവർണറെ അറിയിച്ചിരുന്നത്. കേരള നിയമസഭയിലെ ഏഴാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു എന്ന കാര്യം ഗവർണറെ അറിയിക്കില്ല. അതുവഴി കഴിഞ്ഞ ദിവസം അവസാനിച്ച സഭാ സമ്മേളനത്തിന്റെ തുടർച്ചയായി അടുത്തമാസം വീണ്ടും സഭ ചേരാൻ സാധിക്കും. ജനുവരി 27ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീരുമാനമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പുതുവർഷാരംഭത്തിലെ സഭാസമ്മേളനത്തിൽ ഉണ്ടാകില്ല എന്ന് ഉറപ്പിച്ചാണ് സർക്കാരിന്റെ നീക്കം.

