ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാംഗില്‍ യാംഗ്ത്സെയ്ക്ക് സമീപം സൈനിക ഏറ്റുമുട്ടലുണ്ടായതിന് പിന്നാലെ അതിര്‍ത്തിയില്‍ വ്യോമനിരീക്ഷണം കൂട്ടാന്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. പ്രദേശത്ത് ചൈന കൂടുതല്‍ ഹെലികോപ്ടറുകള്‍ എത്തിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ നിരീക്ഷണം വര്‍ദ്ധിപ്പിക്കുന്നത്. ചൈനയുമായി സംഘര്‍ഷം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കമാന്‍ഡര്‍തല ചര്‍ച്ചയ്ക്കുള്ള നിര്‍ദേശം ഇന്ത്യ മുന്നോട്ടുവച്ചിരിക്കുകയാണ്.
അതേസമയം, ഇന്ത്യ-ചൈന ഏറ്റുമുട്ടലിന്റേതായി പ്രചരിക്കുന്ന വീഡിയോ ഇപ്പോഴത്തേത് അല്ലെന്ന് സേന അറിയിച്ചു. എന്നാല്‍, സംഘര്‍ഷമുണ്ടായതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും പ്രതിഷേധം നയതന്ത്ര തലത്തില്‍ ചൈനയെ അറിയിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. ‘ചൈനീസ് സൈന്യം തവാംഗിലെ യാങ്സിയില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖ അതിക്രമിച്ചു കയറി ഏകപക്ഷീയമായി അതിര്‍ത്തിയിലെ തല്‍സ്ഥിതി മാറ്റാന്‍ ശ്രമിച്ചു. ഇന്ത്യന്‍ സേന ശക്തമായി നേരിട്ട് അത് വിഫലമാക്കി. ചൈനീസ് പട്ടാളം ഇന്ത്യന്‍ പ്രദേശത്തേക്ക് കടക്കുന്നത് അവര്‍ ധീരമായി തടഞ്ഞു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടില്ല. ഗുരുതര പരിക്കുമില്ല. ഇരുപക്ഷത്തും പരിക്കുണ്ട്. ചൈനീസ് സേനയെ ഇന്ത്യന്‍ സേന തുരത്തിയോടിച്ചു’- പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ രാജ്നാഥ് സിംഗ് വ്യക്തമാക്കി.

