ജാതി അധിക്ഷേപം നടത്തിയ കേസ്; സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസിൽ സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസിൽ അറസ്റ്റ് അനിവാര്യം അല്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും പോലീസ് നിർദ്ദേശം നൽകി.

നോട്ടീസ് നൽകി മാത്രമേ പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെടാവൂവെന്നും നിർദ്ദേശമുണ്ട്. പ്രതികളോട് പോലീസ് ഹാരസ്‌മെന്റ് പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, കേസിൽ എഫ്‌ഐആർ റദ്ദാക്കാനുള്ള സാബു എം ജേക്കബിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ശ്രീനിജിൻ എംഎൽഎയ്ക്ക് നോട്ടീസ് അയക്കുമെന്നും കോടതി വ്യക്തമാക്കി. ക്രിസ്തുമസ് അവധിയ്ക്ക് ശേഷം പരിഗണിക്കാനായി കോടതി ഹർജി മാറ്റി.

അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിൽ പറയുന്നു. ജാതി അധിക്ഷേപ കേസിൽ സാബു എം. ജേക്കബ്ബിനെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ ഹൈക്കോടതിയിൽ സർക്കാർ എതിർത്തു. അറസ്റ്റ് തടയരുതെന്നെന്ന് ഡിജിപി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യാൻ കാരണമുണ്ടോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ഈ ഘട്ടത്തിൽ അക്കാര്യം പറയാനാകില്ലെന്നായിരുന്നു സർക്കാർ നൽകിയ മറുപടി. പരാതി നൽകാൻ കാലതാമസം ഉണ്ടായത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു.