മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.05 അടിയായി ഉയര്‍ന്നു; കേരളത്തിന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.05 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളായ തേക്കടി മേഖലകളില്‍ ഉള്‍പ്പെടെ നിലവില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിപ്പിക്കാന്‍ കാരണമായി.

അതേസമയം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജലനിരപ്പ് സ്ഥായിയായി നില്‍ക്കുകയായിരുന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 142 അടിയാണ്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കഴിഞ്ഞ ദിവസം 511 ക്യുസെക്‌സ് ആയിരുന്നു. കഴിഞ്ഞ രാത്രിയോടെ ഇത് 4261 ക്യുസെക്‌സ് ആയി വര്‍ധിച്ചു. ഉള്‍ക്കാട്ടില്‍ വലിയ രീതിയില്‍ മഴ ലഭിച്ചതാണ് ജലനിരപ്പ് പെട്ടെന്ന് ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ റൂള്‍ കര്‍വ് ഇല്ല. ഇനിയും മഴ ശക്തമായി തുടരുകയാണെങ്കില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും എന്നാണ് തമിഴ്‌നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.