ന്യൂഡൽഹി: എല്ലാ സർവകലാശാലകൾക്കും ഒരു ചാൻസിലർ മതിയെന്ന് നിർദ്ദേശിച്ച് പ്രതിപക്ഷം. വിരമിച്ച സുപ്രിംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസിലറാകണമെന്നാണ് പ്രതിപക്ഷം നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനായി നിയമിക്കുന്ന സമിതിയുടെ ഭൂരിപക്ഷാഭിപ്രായം അനുസരിച്ച് ചാൻസിലറെ നിയമിക്കണമെന്നും പ്രതിപക്ഷം വ്യക്തമാക്കിയിട്ടുള്ളത്.
സബ്‌ജെക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചർച്ച ചെയ്ത് പാസാക്കുന്നത്. ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ ബദൽ സംവിധാനത്തോടുള്ള എതിർപ്പ് മൂലം പ്രതിപക്ഷം ബില്ലിനെ നിയമസഭയിൽ എതിർക്കും. കഴിഞ്ഞ തവണ സഭ ബിൽ സബ്‌ജെക്ട് കമ്മിറ്റിക്ക് വിട്ടതാണ്. സബ്‌ജെക്ട് കമ്മിറ്റിയുടെ ശുപാർശകളും ഭേദഗതികളും ഉണ്ടെങ്കിൽ അതുകൂടി പരിഗണിച്ചുകൊണ്ടാണ് ബിൽ സഭയിലെത്തുക.
ഗവർണറെ മാറ്റുന്നതിലൂടെ സർക്കാർ മാർക്സിസ്റ്റ്‌വത്ക്കരണം നടപ്പാക്കുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഗവർണർ സംഘിവത്ക്കരണം നടത്തുന്നുവെന്ന ആരോപണവും പ്രതിപക്ഷം മുന്നോട്ടുവെയ്ക്കുന്നു. അതത് മേഖലകളിലെ പ്രഗൽഭരെ ചാൻസലറായി നിയമിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ബിൽ. സർവകലാശാല നിയമങ്ങളിലും മാറ്റം വരുത്തും. ഗവർണർ അദ്ദേഹത്തിന്റെ പദവി മുഖേനെ സർവകലാശാലകളുടെ ചാൻസലറാകുന്നു എന്ന വ്യവസ്ഥയിലാണ് ഭേദഗതി വരുത്തുന്നത്.

