ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ്; കെഎസ്ആര്‍ടിസി അപ്പീലുമായി സുപ്രീംകോടതിയില്‍

ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെഎസ്ആര്‍ടിസി പരസ്യം സ്ഥാപിക്കുന്നതെന്നും, ഉത്തരവ് മൂലം വന്‍ വരുമാന നഷ്ടം നേരിടുന്നതായും അപ്പീലില്‍ വ്യക്തമാക്കുന്നു. ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.

അതേസമയം, സാമൂഹിക വിഷയങ്ങളില്‍ ജൂഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്പോള്‍ തന്നെ ഇത്തരം ഉത്തരവുകള്‍ സാമൂഹിക സേവനം എന്ന നിലയില്‍ മുന്നോട്ട് പോകുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാണെന്നും സുപ്രീം കോടതിയുടെ മുന്‍കാല വിധികള്‍ പാലിക്കാതെയാണ് ഹൈക്കോടതി ജഡ്ജിമാര്‍ സ്വമേധയാ കേസ് എടുക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ബസുകളിലെ പരസ്യം അപകട സാധ്യത കൂട്ടുമെന്ന നിരീക്ഷണത്തെ തുടര്‍ന്ന് അവ നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കിയത്. അഭിഭാഷകന്‍ ദീപക് പ്രകാശാണ് കെഎസ്ആര്‍ടിസിയ്ക്കായി ഹര്‍ജി നല്‍കിയത്.