കൊച്ചി: കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസിൽ സാബു എം ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി വിലക്കി. കേസിലെ മറ്റ് പ്രതികളുടെയും അറസ്റ്റ് വിലക്കിയിട്ടുണ്ട്. എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി കോടതി പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ആണ് ഹർജി പരിഗണിക്കുക.
എംഎൽഎയെ വേദിയിൽ വച്ച് പരസ്യമായി അപമാനിച്ചെന്ന പരാതിയിൽ സാബു എം ജേക്കബിനെതിരെ പുത്തൻകുരിശ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ ഉദ്ഘാടകനായി എംഎൽഎ എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ അംഗങ്ങൾ ഇറങ്ങിപ്പോയ സംഭവമാണ് പരാതിയ്ക്ക് ആധാരം. കേസിലെ രണ്ടാം പ്രതി ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്ക് ആണ്.
കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പരാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും, സംഭവദിവസം സ്ഥലത്തുപോലും ഉണ്ടായിരുന്നില്ലെന്നുമാണ് സാബു എം ജേക്കബിന്റെ വാദം.

