മുസ്ലീം ലീഗിനെ വർഗ്ഗീയ പാർട്ടിയായി അകറ്റി നിർത്തേണ്ട ആവശ്യമില്ല; ബിനോയ് വിശ്വം

കോഴിക്കോട്: മുസ്ലീം ലീഗിനെ വർഗ്ഗീയ പാർട്ടിയായി അകറ്റി നിർത്തേണ്ട ആവശ്യമില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. അടിസ്ഥാനപരമായി ലീഗ് വർഗ്ഗീയ പാർട്ടിയല്ലെന്നും വർഗ്ഗീയമായ ചില ചാഞ്ചാട്ടങ്ങൾ ലീഗ് കാണിച്ചിട്ടുണ്ടെങ്കിലും അവരെ എസ്ഡിപിഐ, പിഎഫ്‌ഐ പോലെ വർഗ്ഗീയ പാർട്ടിയായി കാണാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ ലീഗിനെ മുന്നണിയിൽ എടുക്കുന്നുവെന്ന ചർച്ചകൾ അപക്വമാണ്. ലീഗ് അവരുടെ നിലപാട് പറഞ്ഞു കഴിഞ്ഞു. യുഡിഎഫ് വിടില്ലെന്ന് ലീഗ് നിലപാട് പറഞ്ഞു കഴിഞ്ഞു. ഇനിയും ചർച്ച ചെയ്യുന്നത് വാർത്താ ദാരിദ്ര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഏക സിവിൽ കോഡ് ബില്ലിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വിഷയം ചർച്ചയ്ക്ക് എടുത്തു കൂട എന്നാണ് നിലപാട്. അത് അനാവശ്യ പ്രശ്‌നങ്ങൾക്ക് ഇടവെക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, എം വി ഗോവിന്ദന്റെ നിലപാടിൽ സിപിഐ നേതൃത്വത്തിൽ അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. നടക്കുന്നത് അനാവശ്യ ചർച്ചകളാണെന്നും യുഡിഎഫിലെ ഒരു കക്ഷിയെ പുകഴ്‌ത്തേണ്ട കാര്യം ഇല്ലായിരുന്നുവെന്നും സിപിഐ നേതൃത്വം വ്യക്തമാക്കുന്നു.