പാലക്കാട്: അട്ടപ്പാടിയിലെ കടുകുമണ്ണ ഊരില്‍നിന്ന് പൂര്‍ണ ഗര്‍ഭിണിയെ ആംബുലന്‍സില്‍ കയറ്റുന്നതിനു വേണ്ടി കാട്ടുവഴിയിലൂടെ മൂന്നു കിലോമീറ്ററോളം തുണിയില്‍കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചതായി റിപ്പോര്‍ട്ട്. ആശുപത്രിയില്‍ എത്തിയ ഉടന്‍ ഇവര്‍ പ്രസവിച്ചു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.
പ്രസവവേദനയാല്‍ പുളഞ്ഞ സുമതി മുരുകന് തുണയായത് ആരോഗ്യ പ്രവര്‍ത്തകരാണ്. പുതൂര്‍ പഞ്ചായത്തിലെ പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരായ കുറുമ്പര്‍ താമസിക്കുന്ന ഊരാണ് കടുക് മണ്ണ. പുറം ലോകവുമായി ബന്ധപ്പെടുവാന്‍ ഇവര്‍ക്ക് ഉള്ള ഏക ആശ്രയം ഒരു തൂക്കു പാലമാണ്. ഭവാനിപ്പുഴക്ക് കുറുകേ കെട്ടിയ ഇതു കടന്ന് മൂന്നു കിലോമീറ്ററോളം വന്യമൃഗശല്യം ഉള്ള കാടിന് ഉള്ളില്‍ കൂടി ആനവായി എത്തിയെങ്കിലേ വാഹന സൗകര്യം ലഭ്യമാകൂ.
പ്രസവ വേദന ആരംഭിച്ചതിനെ തുടര്‍ന്ന് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായ പ്രിയ ജോയിയെ ഇവര്‍ വിളിക്കുകയായിരുന്നു. ആംബുലന്‍സ് സൗകര്യത്തിനായി പല സ്ഥലങ്ങളിലേക്ക് വിളിച്ചെങ്കിലും ലഭിച്ചില്ല. നിരന്തര പരിശ്രമങ്ങള്‍ക്ക് ശേഷം 2.30ന് കോട്ടത്തറയില്‍നിന്നും ഉള്ള 108 ആംബുലന്‍സ് എത്തി. എന്നാല്‍, മഴയില്‍ നനഞ്ഞ് തെന്നിക്കിടന്ന റോഡ് കാരണം കടുക് മണ്ണക്ക് പോകാതെ ആനവായില്‍ വാഹനം നിര്‍ത്തേണ്ടി വന്നു. മഴ മൂലം തെന്നിക്കിടന്ന കുത്തിറക്കമിറങ്ങി. കാട്ടാന ശല്യം വകവക്കാതെ നാട്ടുകാര്‍ ഇവരെ തുണിയില്‍കെട്ടി ചുമന്ന് ആനവായ് വരെ എത്തിച്ചു. പുലര്‍ച്ചെ അഞ്ചോടെയാണ് ആനവായ് എത്തുന്നത്. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

