അഞ്ച് മാസങ്ങൾക്ക് ശേഷം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്നു; ചാൻസലർ ബിൽ ഉൾപ്പെടെയുള്ളവ ചർച്ചാ വിഷയമാകും

കൊച്ചി: അഞ്ച് മാസങ്ങൾക്ക് ശേഷം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നു. കൊച്ചിയിലാണ് യോഗം ചേരുന്നത്. സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. ഇക്കാര്യത്തിൽ രാഷ്ട്രീയകാര്യ സമിതിയുടെ നിലപാട് നിർണായകമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ചാൽ അത് ഇടതുമുന്നണിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെടുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. തീരുമാനത്തെ എതിർത്താൽ അത് ബിജെപിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെടുമെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നു. അതേസമയം, കോൺഗ്രസ് നേതാവ് ശശി തരൂർ സംസ്ഥാന വ്യാപകമായി നടത്തുന്ന പര്യടനവും അതിന് ലഭിക്കുന്ന പിന്തുണയും യോഗത്തിൽ ചർച്ചാ വിഷയമാകും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ല എന്ന പരാമർശം, ആർഎസ്എസിന് സംരക്ഷണം നൽകിയെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിവാദ പ്രസ്താവന തുടങ്ങിയവയും യോഗം ചർച്ച ചെയ്യും.

കെപിസിസി രാഷ്ട്രീയ സമിതി യോഗം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ അതൃര്തി പ്രകടിപ്പിച്ച് സമിതിയിൽ ഉൾപ്പെട്ട ചില അംഗങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഇവർ നേതൃത്വത്തെ അറിയിക്കുരയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നത്.