കൊച്ചി: ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് ശക്തമായ നിലപാടുണ്ടെന്ന് കോൺഗ്രസ് എംപി ജെബി മേത്തർ. ഈ വിഷയത്തിൽ കോൺഗ്രസിന്റെ മൂന്ന് എംപിമാരും ശക്തമായ പ്രതികരണമാണ് സഭയിൽ നടത്തിയതെന്നും ജെബി മേത്തർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാജ്യസഭയിൽ നടന്നത് സ്വകാര്യ ബില്ലിന് മേലുള്ള പ്രാഥമിക ചർച്ച മാത്രമാണെന്നും എംപി വിശദമാക്കി.
കൂടുതൽ കോൺഗ്രസ് നേതാക്കൾ ചർച്ചയിൽ പങ്കെടുത്തില്ല എന്ന ആക്ഷേപത്തോട് പ്രതികരിക്കാനില്ല. ഈ വിഷയം വിവാദമാക്കേണ്ട സാഹചര്യമില്ല. പങ്കെടുത്തവർ എല്ലാവരും കോൺഗ്രസിന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്. താൻ രാജ്യസഭയിൽ ഏറെ ജൂനിയറായ അംഗമാണ്. പി വി അബ്ദുൾ വഹാബ് എംപിയുടെ വിമർശനങ്ങളോട് കോൺഗ്രസ് നേതൃത്വം മറുപടി പറയുമെന്നും എംപി അറിയിച്ചു.
അതേസമയം, സിവിൽ കോഡ് സ്വകാര്യ ബില്ലിലെ ചർച്ചയുമായി ബന്ധപ്പെട്ട് താൻ പറഞ്ഞത് കോൺഗ്രസിനെതിരായ വിമർശനമല്ലെന്ന് പിവി അബ്ദുൾ വഹാബ് വ്യക്തമാക്കി. കോൺഗ്രസിന്റെ ഭാഗത്ത് ഒരാൾ പോലും ഉണ്ടായിരുന്നില്ല. ബില്ലിന് അവതരാണാനുമതി തേടിയപ്പോഴും വോട്ടെടുപ്പ് നടക്കുമ്പോഴും ആരുമില്ലായിരുന്നു. താൻ പറഞ്ഞതിന് ശേഷമാണ് ജെബി മേത്തറടക്കമുള്ള രണ്ടോ മൂന്നോ കോൺഗ്രസ് എംപിമാർ ഓടിവന്നത്. ഇത് താൻ പറഞ്ഞത് കൊണ്ടാണോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

