തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മതപുരോഹിതന്മാരെയും സമുദായ നേതാക്കളെയും പങ്കെടുപ്പിച്ച് ക്രിസ്മസ് ആഘോഷം നടത്താനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും പരിപാടി സംഘടിപ്പിക്കാനാണ് ഗവർണറുടെ തീരുമാനം. ഡിസംബർ 14 ന് രാജ്ഭവനിൽ ആദ്യ പരിപാടി നടക്കും. രാജ്ഭവന്റെ മുറ്റത്ത് പന്തലിട്ട് 150 അതിഥികളെ സ്വീകരിക്കുമെന്നാണ് വിവരം.
കൊച്ചിയിലും കോഴിക്കോട്ടും ആഘോഷം സംഘടിപ്പിക്കുക ഡിസംബർ 16നു ശേഷമായിരിക്കും. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷനേതാവ്, എം.പിമാർ, എം.എൽ.എമാർ, വിവിധ മതപുരോഹിതന്മാർ, പ്രമുഖ വ്യക്തികൾ എന്നിവരെ രാജ്ഭവനിലെ ആഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടി ക്ഷണിക്കും. അതിഥികൾക്ക് സമൃദ്ധമായ ഭക്ഷണവും സംഗീതപരിപാടികളും ക്രിസ്മസ് ആഘോഷത്തിൽ ഉണ്ടാകും. കേന്ദ്രമന്ത്രിമാരും മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുമടക്കം പങ്കെടുത്തേക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എല്ലാ സഭാദ്ധ്യക്ഷന്മാരെയും രാജ്ഭവനിലേക്ക് ക്ഷണിക്കും. വിളിക്കേണ്ടവരുടെ പട്ടികയും ക്ഷണക്കത്തും രാജ്ഭവനിൽ തയ്യാറാക്കുന്നുണ്ട്. മുഖ്യമന്ത്രിയെ ഗവർണർ നേരിട്ടെത്തി ക്ഷണിക്കാനും സാധ്യതയുണ്ട്. ഗവർണർ സംസ്ഥാനത്ത് മൂന്നിടത്തായി ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുന്നത് ഇതാദ്യമായാണ്. അതേസമയം, കഴിഞ്ഞവർഷം രാജ്ഭവനിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു.

