രാഷ്ട്രീയവൽക്കരണം ഉണ്ടെന്ന ആരോപണം അടിസ്ഥാനരഹിതം; രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പോലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ട നിലയിലാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ പോലീസ് സേനയിലെ അഴിമതിയെക്കുറിച്ച് നടത്തിയ സർവ്വേ പ്രകാരം കേരള പോലീസിന് സത്യസന്ധതയ്ക്കും കാര്യക്ഷമതയ്ക്കുമുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് തെളിവുകൾ ശേഖരിക്കുന്നതിൽ മികവു പുലർത്തിയ സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിലെ ഉദ്യോഗസ്ഥർക്കും അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ നിരവധി അംഗീകാരങ്ങളും കേരളാ പോലീസിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസ് അന്വേഷണത്തിന്റെ കാര്യത്തിൽ പോലീസ് വളരെ കാര്യക്ഷമമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഒരു കേസന്വേഷണത്തിലും രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്നോ, അന്വേഷണം കാര്യക്ഷമമല്ലന്നോ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആർക്കും പറയാൻ കഴിയില്ല. പൊതുശ്രദ്ധ പിടിച്ചുപറ്റിയ കേസുകളിലെല്ലാം തന്നെ പ്രതികളെ കണ്ടെത്താനും സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാനും പോലീസിനു കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പോലീസ് സേനയിൽ രാഷ്ട്രീയവൽക്കരണം ഉണ്ട് എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർ പ്രതികളായി 2016 മുതൽ 828 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസുദ്യോഗസ്ഥർക്കെതിരെ ആരോപണമുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കാണുന്ന ആരോപണങ്ങൾക്കെല്ലാം തന്നെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത് പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ച് വരുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പോലീസുദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചുവിടുന്നതുൾപ്പെടെയുളള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഇത്തരത്തിൽ 2017 ൽ ഒന്നും, 2018 ൽ രണ്ടും 2019 ൽ ഒന്നും, 2020 ൽ രണ്ടും ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വിവിധ റാങ്കുകളിലുളള 8 പോലീസുദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ച് വിട്ടിട്ടുണ്ട്. കൂടാതെ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട 2 പോലീസുദ്യോഗസ്ഥരെ 2022 ലും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട മറ്റ് 2 പോലീസുദ്യോഗസ്ഥരെയും സർവ്വീസിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രമേയാവതാരകൻ പറയുന്നത് 828 പോലീസ് സേനാംഗങ്ങളുടെ പേരിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ്. 55,000 അംഗങ്ങളുള്ള പോലീസ് സേനയിൽ ഇത് 1.56 ശതമാനമാണ്. 98.44 ശതമാനം സേനാംഗങ്ങൾ ഇത്തരം കുറ്റകൃത്യങ്ങളിൽപ്പെടാത്തവരാണെന്നതാണ് ഇതിൽനിന്നും ഉരുത്തിരിയുന്ന വസ്തുത. അടുത്തകാലത്ത് വിഴിഞ്ഞത്തെ പ്രതിഷേധ സമരങ്ങളുടെ സാഹചര്യത്തിൽ സംസ്ഥാന പോലീസ് പാലിച്ച സംയമനം മാതൃകാപരമാണെന്ന് അംഗികരിക്കാതിരിക്കാൻ ആർക്കും കഴിയില്ല. സംസ്ഥാനം നേരിട്ട 2018 ലെ മഹാപ്രളയത്തിന്റെയും, കൊവിഡ് മഹാമാരിയുടെയും ഘട്ടത്തിൽ ജനങ്ങൾക്കൊപ്പം നിന്ന സ്തുത്യർഹമായ സേവനം നിർവ്വഹിച്ച പോലീസ് സേനയെ ഇത്തരത്തിൽ താറടിച്ചു കാണിക്കാനുള്ള ശ്രമം പൊതുസമൂഹം അംഗീകരിക്കില്ലായെന്ന് ഓർമ്മിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.