കൊള്ള നിരക്കുമായി സ്വകാര്യ ബസ് ലോബികൾ; ബംഗളൂരുവിലേക്കുള്ള നിരക്ക് 4000 രൂപ വരെ

കൊട്ടാരക്കര: സ്വകാര്യ ബസ് ലോബികൾ കൊള്ള നിരക്ക് ഈടാക്കുന്നതായി പരാതി. ബംഗളൂരുവിലേക്കുള്ള ക്രിസ്മസ്, പുതുവത്സര യാത്രകൾക്ക് സ്വകാര്യ ബസ് ലോബി കൊള്ളനിരക്ക് ഈടാക്കുകയാണെന്ന പരാതിയാണ് ഉയർന്നിട്ടുള്ളത്.

കൊട്ടാരക്കരയിൽ നിന്ന് ബംഗളൂരുവിലേക്ക് 3000 മുതൽ 4000 വരെയാണ് സ്വകാര്യ ബസിൽ ഈടാക്കുന്ന നിരക്ക്. കെഎസ്ആർടിസി ബസ് ക്ഷാമം മുതലെടുത്ത് യാത്രക്കാരെ സ്വകാര്യ ലോബികൾ പിഴിയുകയാണെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം 4000 രൂപയാണ് പലരിൽ നിന്നും സ്വകാര്യ ബസുകൾ ഈടാക്കിയത്. ഓൺലൈൻ വഴി ബുക്ക് ചെയ്താണ് സീറ്റുകൾ ലഭിക്കുന്നത്. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ ടിക്കറ്റ് നിരക്കും കൂട്ടും. ബംഗളൂരിലേക്ക് 1200 രൂപയാണ് കെഎസ്ആർടിസി നിരക്ക്. സ്വകാര്യ ലോബിയെ സഹായിക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമമെന്ന ആരോപണം ശക്തമാണ്.